നായകന് ഏറ്റവും മുന്തിയ ഭക്ഷണം, മറ്റുള്ളവര്‍ക്ക് പദവി അനുസരിച്ച്; സെറ്റിലെ ഭക്ഷണത്തിലെ വേര്‍തിരിവ് ഇല്ലാതാക്കിയ വിജയകാന്ത്
സിനിമയിലെത്തുന്നതിന് മുമ്പ് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള അരിമില്‍ നോക്കി നടത്തുകയായിരുന്നു വിജയ്കാന്ത്
അവിചാരിതമായി സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ടുതന്നെ തന്റേതായ ഒരിടം അടയാളപ്പെടുത്തിയ താരമാണ് അന്തരിച്ച നടൻ വിജയകാന്ത്. സിനിമയിലെത്തുന്നതിന് മുമ്പ് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള അരിമില്‍ നോക്കി നടത്തുകയായിരുന്നു വിജയകാന്ത്. ഒരു സുഹൃത്ത് പറഞ്ഞതുപ്രകാരം അഭിനയമോഹിയായ വിജയകാന്ത് ചെന്നൈയിൽ അവസരം ചോദിച്ചെത്തിയപ്പോൾ സെറ്റിൽ നിന്നും തിരികെ പോകാനായിരുന്നു വിധി. തമിഴ് ഉച്ചാരണത്തിൽ പ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് അന്ന് മടക്കി അയച്ചത്. എന്നാൽ തോറ്റുമടങ്ങാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഉച്ചാരണം മെച്ചപ്പെടുത്തിയ വിജയകാന്ത് സിനിമയിൽ എത്തുക തന്നെ ചെയ്തു. എന്നാൽ സെറ്റിൽ വിജയകാന്ത് നേരിട്ട ഒരു അനുഭവം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.
ഓരോരുത്തരുടേയും പദവിക്ക് അനുസരിച്ചായിരുന്നു സെറ്റിൽ ഭക്ഷണം നൽകിയിരുന്നത്. നായകന് ഏറ്റവും വില കൂടിയ ഭക്ഷണവും മറ്റുള്ളവർക്ക് അവരവരുടെ ജോലക്കനുസരിച്ചുള്ള ഭക്ഷണവുമായിരുന്നു നൽകിയിരുന്നത്. ഇത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. പിന്നീട് സ്വന്തം സിനിമയിൽ എല്ലാവർക്കും ഒരുപോലുള്ള ഭക്ഷണം നൽകാൻ അദ്ദേഹം തീരുമാനിച്ചു. സുഹൃത്തുക്കളുടെ ചിത്രങ്ങളിലും സമാന രീതി നടപ്പിലാക്കാൻ അദ്ദേഹത്തിനായി.
80കളിലും 90കളിലും തെന്നിന്ത്യയെ ആവേശം കൊള്ളിച്ചാണ് വിജയകാന്ത് ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. സിനിമാ ലോകത്തുനിന്ന് നേടിയെടുത്ത പിന്തുണ ,പിന്നീട് കരുത്തുറ്റ രാഷ്ട്രീയ നേതാവ് എന്ന വളർച്ചയിലേക്കും അദ്ദേഹത്തിന് വഴിയൊരുക്കി. സിനിമയും രാഷ്ട്രീയവും ഇഴകലർന്ന ജീവിതം അവസാനിപ്പിച്ച് ക്യാപ്റ്റൻ മടങ്ങുമ്പോൾ കണ്ണീരൊഴുക്കുകയാണ് ആരാധകർ.
ക്യാപ്റ്റൻ.... ഈ ഒരൊറ്റ പേരിൽ വിജയകാന്തിൻറെ മുഖം തമിഴ് ജനതയുടെ മനസ്സിലേക്ക് ഓടിയെത്തും. 1952-ൽ മധുരയിൽ ജനനം, 79ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ സിനിമാരംഗത്തേക്കുള്ള വരവ്, 81ൽ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാമേഖലയിൽ നായകൻ മാരുടെ കൂട്ടത്തിൽ കസേരയിട്ടിരുന്നു വിജയകാന്ത്. 84ൽ മാത്രം പുറത്തിറങ്ങിയത് 18 ചിത്രങ്ങൾ, 88 ൽ ഏറ്റവും മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിൻറെ പുരസ്‌കാരം. തൻറെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായി. പടം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ എന്ന പേര് വിജയകാന്തിന് പതിഞ്ഞു. തമിഴ്‌നാട്ടിലെ ജനത ആവേശത്തോടെ പറഞ്ഞു ഇത് ഞങ്ങളുടെ ക്യാപ്റ്റൻ.
154 ചിത്രങ്ങൾ...സംവിധായകനായും നിർമാതാവായും സിനിമാ മേഖലയിലെ അവിഭാജ്യ ഘടകം. രജനികാന്തും കമൽഹാസനും ഒപ്പം 80 മുതലുള്ള രണ്ടര പതിറ്റാണ്ട് കാലം തമിഴ് സിനിമയുടെ മുഖമായി വിജയ് കാന്തും ഉണ്ടായിരുന്നു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റവും അപ്രതീക്ഷിതമായിരുന്നില്ല. സിനിമയിലെ ക്യാപ്റ്റൻ രാഷ്ട്രീയത്തിലെ നായകനായി വളരുന്നത് 2005 സ്ഥാപിച്ച ദേശീയ മൂർപോക്ക് ദ്രാവിഡ കഴകം എന്ന പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നാണ്.
2006 തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി മത്സരിച്ചു, വിരുദാചലം മണ്ഡലത്തിൽ മത്സരിച്ച വിജയ്കാന്ത് മാത്രം പാർട്ടി ടിക്കറ്റിൽ ജയിച്ചു. 2009ന് ലോക്‌സഭയിൽ തനിച്ച് മത്സരിച്ചു. എല്ലാ സീറ്റിലും പരാജയമായിരുന്നു ഫലം. 2011ലെ ഐ എ ഡി എം കേക്കൊപ്പം സഖ്യം ചേർന്ന് മത്സരരംഗത്തേക്ക്, 41 മണ്ഡലങ്ങളിൽ മത്സരിച്ച മൂർപോക്ക് ദ്രാവിഡ കഴകം 29ലും ജയിച്ചു കയറി. തമിഴ്‌നാട്ടിൽ നിയമസഭയിലെ പ്രതിപക്ഷ കസേരയിൽ വിജയകാന്ത് എത്തി.
2014 ൽ ലോക്‌സഭയിലേക്ക് ബിജെപിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു നോക്കി. അമ്പേ പരാജയപ്പെട്ടു. നിയമസഭയിൽ വീണ്ടും ഇടതു പാർട്ടികൾക്ക് ഒപ്പം മത്സര രംഗത്തേക്ക് അവിടെയും പരാജയമായിരുന്നു ഫലം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പൊതുവദികളിൽ എത്തുന്നത് കുറഞ്ഞതും, രാഷ്ട്രീയ സഖ്യങ്ങളിൽ സ്ഥിരത കണ്ടെത്താത്തതും ദേശീയ മൂർപോക്ക് ദ്രാവിഡ കഴകത്തിന് തിരിച്ചടിയായി. സിനിമയും രാഷ്ട്രീയവും ഒരുപോലെ ഗ്രഹിച്ച ജനമനസ്സറിയുന്ന ജനങ്ങൾ മനസ്സിലേറ്റിയ ഇതിഹാസമാണ് വിട പറയുന്നത്. അവസാന യാത്രയിൽ അദ്ദേഹത്തിന് കൂട്ടാകുന്നത് തമിഴ് ജനത മുഷ്ടി ചുരുട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങളാണ്. അത്രത്തോളം പ്രിയങ്കരനായിരുന്നു തമിഴ് ജനതയ്ക്ക് ക്യാപ്റ്റൻ.