'ആർക്കൊക്കെയോ വേണ്ടി ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതിരിക്കുകയാണ്': വിനയൻ
വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലിൽ മലയാളസിനിമയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി നിർദ്ദേശിച്ചു കൊണ്ട് റിപ്പോർട്ട് സർക്കാരിലേക്ക് നൽകും എന്നാണ് അന്നു കമ്മീഷൻ പറഞ്ഞത്.
ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് സംവിധായകൻ വിനയൻ. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഏറെ സഹായകമാകുന്ന റിപ്പോർട്ട് ആർക്കൊക്കെയോ വേണ്ടി തമസ്‌കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണെന്നും വിനയൻ.
'ആരാണ് സാംസ്‌കാരിക വകുപ്പിൽ ആ റിപ്പോർട്ടിനെതിരെ ചരടുവലി നടത്തുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു'. വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കമ്മീഷന്റെ മുന്നിൽ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാൻ പോയ വ്യക്തിയെന്ന നിലയിൽ എനിക്കു തോന്നുന്നത്, ജസ്റ്റിസ് ഹേമ കമ്മീഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച് ബൃഹുത്തായ ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ട് എന്നാണ്. കഴിഞ്ഞ ദിവസം ജസ്റ്റീസ് ഹേമയോടു സംസാരിച്ചപ്പോഴും എനിക്കങ്ങനാണു തോന്നിയത്.. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രധാനമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മീഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയിൽ നടക്കുന്ന വിലക്കുകളേയും, വൈരാഗ്യം തീർക്കലിനേയും നിശിതമായി വിമർശിക്കുന്ന ഒരു റിപ്പോർട്ടു കൂടിയാണ് ജസ്റ്റീസ് ഹേമ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു..
കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എന്റെ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു.. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.. എന്നാൽ സുപ്രീം കോടതിയും അവരുടെ ശിക്ഷ ശരിവച്ചു കഴിഞ്ഞപ്പോൾ വീണ്ടും കമ്മീഷൻ എന്നെ വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യക്തി വൈരാഗ്യം തീർക്കാനായി ആർക്കെതിരെയും സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലിൽ മലയാളസിനിമയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി നിർദ്ദേശിച്ചു കൊണ്ട് റിപ്പോർട്ട് സർക്കാരിലേക്ക് നൽകും എന്നാണ് അന്നു കമ്മീഷൻ പറഞ്ഞത്.. അങ്ങനെ തന്നെ റിപ്പോർട്ട് നൽകുകയും ചെയ്തു എന്നാണറിവ്...
പിന്നെന്തേ ആ റിപ്പോർട്ട് വെളിച്ചം കാണാത്തത്? അതിൻമേൽ നടപടി ഉണ്ടാകാതെ ആർക്കൊക്കെയോ വേണ്ടി ആ റിപ്പോർട്ട് തമസ്‌കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണ്.. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഏറെ സഹായകമാകും ആ റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ എന്നു പറയുന്നു.. എന്നിട്ടും ആരാണ് സാംസ്‌കാരിക വകുപ്പിൽ ആ റിപ്പോർട്ടിനെതിരെ ചരടുവലി നടത്തുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു..
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലുള്ള ജീർണ്ണിച്ച അവസ്ഥ ഈ രംഗത്ത് ഇനിയും തുടരാൻ അനുവദിച്ചു കൂടാ...അതുകൊണ്ട് ഒരു കോടിയിലധികം രൂപ സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കി ഉണ്ടാക്കിയ ആ റിപ്പോർട്ട് മറ്റ് പല റിപ്പോർട്ടുകളും പോലെ പരണത്താകരുതെന്ന് അപേക്ഷിക്കുന്നു.