'താരങ്ങളെല്ലാം സമരം പോലെ വിദേശത്തെ പ്രോഗ്രാമിന് പോയി; പൃഥ്വിരാജും തിലകനുമാണ് അന്ന് ഒപ്പംനിന്നത്'

''അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനും. അവരെ കൂടാതെ ചില ആർടിസ്റ്റുകൾ കൂടി മലയാളത്തിൽനിന്നു വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽനിന്നുമായിരുന്നു.''

Update: 2024-08-28 04:10 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: 'സത്യം' സിനിമയുടെ 20-ാം വാർഷികത്തിൽ പഴയ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിൽ വലിയ കോളിളക്കങ്ങൾ നടക്കുന്നതിനിടെയാണ് സിനിമയുമായി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും തനിക്കെതിരായ വിലക്കിലേക്കു നയിച്ച കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തിയത്. താരങ്ങൾക്കു നൽകുന്ന വേതനത്തിന് കരാർ ഏർപ്പെടുത്താനുള്ള ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അന്നു തീരുമാനമെടുത്തപ്പോൾ താരങ്ങളെല്ലാം എതിർത്തു. അങ്ങനെ സമരമായി വിദേശത്ത് പ്രോഗ്രാം നടത്താൻ പോകുകയായിരുന്നു. ആ സമയത്ത് ചേംബറിന്റെയും നിർമാതാക്കളുടെയും ആവശ്യപ്രകാരമാണ് കരാർ തീരുമാനത്തെ പിന്തുണച്ച താൻ 'സത്യം' എടുക്കുന്നതെന്ന് വിനയൻ പറഞ്ഞു.

അന്ന് നടന്മാരായ തിലകനും പൃഥ്വിരാജും വേതന കരാർ വേണമെന്ന നിലപാടിനൊപ്പമായിരുന്നുവെന്ന് വിനയൻ വെളിപ്പെടുത്തി. താരങ്ങൾ വിദേശത്തേക്കു പോകുംമുൻപ് തന്നെ സിനിമ ചെയ്യണമെന്നാണ് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടത്. വേതന കരാർ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ ആ ചിത്രമെടുത്തു. തിലകനും പൃഥ്വിരാജിനും പുറമെ ഏതാനും ചിലരും മലയാളത്തിൽനിന്ന് ചിത്രത്തോടൊപ്പം ചേർന്നു. പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണത്. അവർക്കു പുറമെ ബാക്കി താരങ്ങളെല്ലാം തമിഴിൽനിന്നായിരുന്നു. കുറച്ചു ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് പൂർത്തിയാക്കുകയും സിനിമ പുറത്തിറങ്ങുകയും ചെയ്തു. അതുവഴി താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്താനുമായെന്ന് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഈ ചിത്രത്തിനുശേഷമാണു താൻ ശത്രുപക്ഷത്തേക്കു മാറുന്നതെന്നും വിനയൻ പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളുമൊക്കെ ഓർമപ്പെടുത്തുന്ന ചിത്രമാണ് സത്യം. ഒന്നും മനഃപൂർവമായിരുന്നില്ല, വേതന കരാർ എന്ന നിലപാടിന്റെ പേരിലായിരുന്നു എല്ലാം സംഭവിച്ചത്. പൃഥ്വിരാജിന് ആക്ഷൻ സ്റ്റാർ എന്ന പ്രതിച്ഛായ നേടിക്കൊടുക്കാനും സിനിമയിലൂടെ ആയി. അന്നു വന്ന വേതന കരാറാണ് ഇന്നും സിനിമയിൽ പിന്തുടരുന്നതെന്നും വിനയൻ കുറിപ്പിൽ ഓർമിപ്പിച്ചു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സത്യം ഇറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സത്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൃഥ്വിരാജും തിലകൻ ചേട്ടനും ബേബി തരുണിയുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ഈ ചിത്രം എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രൊജക്ടാണ്. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.

മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നിലപാടിനോട് ചേർന്നുനിന്ന ഞാൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്. അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വൻ തുക കൊടുക്കുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമാതാക്കൾ പറയുകയും. അത് പറ്റില്ല, അങ്ങനെയാണെങ്കിൽ വേറെ ഫിലിം ചേംബർ പോലുമുണ്ടാക്കുമെന്ന് താരങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്‌സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു. മറ്റു മേഖലകളിൽ ചെറിയ ഒരു തുക കൈമാറുമ്പോൾ പോലും എഗ്രിമെന്റുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഒരു വൻതുക കൈമാറുമ്പോൾ എഗ്രിമെന്റ് പാടില്ലെന്നാണ് ഞാൻ ചിന്തിച്ചത്.

Full View

നിർമാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യർഥന പ്രകാരം, താരങ്ങൾ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമ ചെയ്യണമെന്ന് അവർ പറയുകയും എന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആ ചിത്രം ഞാൻ ഏറ്റെടുക്കുകയും ചെയ്തു. അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആർടിസ്റ്റുകൾ കൂടി മലയാളത്തിൽനിന്നു വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽനിന്നുമായിരുന്നു. വളരെ കുറച്ചുദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു. അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വന്ന എഗ്രിമെന്റാണ് ഇന്ന് മലയാള സിനിമയിൽ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേർക്ക് അറിയുമെന്ന് എനിക്കറിയില്ല. അതിനുശേഷമാണ് ഞാൻ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്. അതൊന്നും മനഃപ്പൂർവമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതിൽ കുഴപ്പമൊന്നുമില്ലെന്നുള്ളത്. പൃഥ്വിരാജിന് നല്ലൊരു ആക്ഷൻ സ്റ്റാർ എന്ന ലേബൽ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓർമകൾ മനസ്സിൽ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.

Summary: Vinayan reveals the secrets behind the production of the Malayalam movie 'Sathyam' and the reason behind the ban to the director

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News