യുവനടൻ പിന്മാറി, യക്ഷിക്കഥ ഹിറ്റാവില്ലെന്ന് നിർമാതാക്കൾ; 'ആകാശഗംഗ'യുടെ 25ാം വാർഷികത്തിൽ അനുഭവക്കുറിപ്പുമായി വിനയൻ
"യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടൻ എന്ന കഥാപാത്രത്തിനും ആയിരുന്നു പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയിൽ നിന്നു പിൻമാറി"
സൂപ്പർഹിറ്റ് ചിത്രം 'ആകാശഗംഗ''യുടെ 25ാം വാർഷികത്തിൽ അനുഭവക്കുറിപ്പുമായി സംവിധായകൻ വിനയൻ. സിനിമയിൽ യക്ഷിക്ക് പ്രാധാന്യം നൽകുന്നതിനാൽ യുവനടൻ പിന്മാറിയ കഥയും സിനിമ ചെയ്യാൻ നിർമാതാക്കൾ തയ്യാറാവാതിരുന്നതിനാൽ സ്വയം നിർമാതാവാകേണ്ടി വന്നതുമൊക്കെ ഓർത്തെടുത്താണ് വിനയൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വീട് വയ്ക്കാനെടുത്ത ലോൺ പോലും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും വിനയൻ കുറിപ്പിൽ പറയുന്നുണ്ട്. 1999 ജനുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ്
കുറിപ്പിന്റെ പൂർണരൂപം:
ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വർഷം തികയുന്നു..
വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമ്മാതാക്കൾ അന്നു പറഞ്ഞിരുന്നു..
പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോൾ ഒടുവിൽ സ്വയം നിർമ്മാതാവിൻെറ കൂടി മേലങ്കി അണിയുവാൻ ഞാൻ തീരുമാനിച്ചു.. പ്രതികാര ദുർഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടൻ എന്ന രാജൻ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയിൽ പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയിൽ നിന്നു പിൻമാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെൻെറ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.. അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണിൽ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്..
ചെല കാര്യങ്ങൾ നടപ്പാക്കാൻ പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും..ആകാശഗംഗയുടെ കാര്യത്തിൽ ഞാനതെടുത്തു..വീടു വയ്കാനനുവദിച്ച ലോൺ പോലും എടുത്ത് ആ സിനിമയ്കു വേണ്ടി ഉപയോഗിച്ച കാര്യം ഞാൻ പല ഇൻറർവ്യുകളിലും മുൻപ് പറഞ്ഞിട്ടുണ്ട്..നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..
ആകാശ ഗംഗ സൂപ്പർഹിറ്റായെന്നു മാത്രമല്ല സംവിധായകനപ്പുറം നിർമ്മാതാവെന്ന നിലയിൽ എനിക്ക് വലിയ ലാഭവും നേടിത്തന്നു..
ആകാശ ഗംഗ റിലീസായ 1999 ൽ തന്നെ വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും! ഇൻഡിപ്പെൻഡൻസും റിലീസു ചെയ്തിരുന്നു..എല്ലാം വിജയചിത്രങ്ങളായിരുന്നു..അതിനടുത്ത വർഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാൽപ്പത്തി നാലു ചിത്രങ്ങൾ..
ഒടുവിൽ റിലീസായ "പത്തൊമ്പതാം നൂറ്റാണ്ടു" വരെയുള്ള എൻെറ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സംതൃപ്തനാണ്..
ഫിലിം ഇൻഡസ്ട്രിയിൽ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ
എനിക്കു കുറേ വർഷങ്ങൾ നഷ്ടമായെങ്കിലും.. പറയാനുള്ളത് ഏതു ദിവ്യൻേറം മുഖത്ത് നോക്കി പറയാൻ കഴിഞ്ഞു.. അതിൻെ പേരിൽ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാൻ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാൻ കഴിഞ്ഞു എന്ന്തൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഞാൻ കാണുന്നത്..
ഞാൻ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ?..
എൻെറ മനസ്സാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിൻെറ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും . ഇതു വരെ എന്നെ സഹിച്ച സപ്പോർട്ടു ചെയ്ത, കൂടെ സഹകരിച്ച,എല്ലാവർക്കും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാൻ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും..അതിൻെറ പണി പ്പുരയിലാണ്.. നന്ദി...