ആളുകൾക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെപ്പറ്റി പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്; പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
എവിടെ വച്ചും കാണാൻ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു
ദര്‍ശനാ...ഹൃദയത്തിലെ പാട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന ഗാനം ദൃശ്യമികവിലും മുന്നിട്ടുനില്‍ക്കുന്നുണ്ട്. ഹൃദയത്തില്‍ ഇരുവരും എത്തിയതിനെക്കുറിച്ചും പ്രണവിനെക്കുറിച്ചും പറയുന്ന സംവിധായകന്‍ വിനീത് ശ്രീനിവാസന്‍റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും ഒന്നിച്ച സൗഹൃദ ചർച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
വിനീതിന്‍റെ വാക്കുകൾ
"അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകൾ പറയും തള്ളാണെന്ന്. ആളുകൾക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാൽ എവിടെ വച്ചും കാണാൻ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ കയറിയാൽ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്. ആളുകൾക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാൻ അവനെക്കുറിച്ച് തള്ളുന്നില്ല...അപ്പുവിന്റെ മെയ്ക്കപ്പ് മാൻ ഉണ്ണി ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവൻ ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്. വിനീത് പറയുന്നു.
'ദർശന അഭിനയിച്ച തമിഴ് ചിത്രം 'ഇരുമ്പു തിരൈ' ഞാൻ കണ്ടിരുന്നു. അതിൽ ടെറസിന് മുകളിൽ നിന്ന് ദർശനയും വിശാലും സംസാരിക്കുന്ന സീൻ ഉണ്ട്, അന്ന് കണ്ടപ്പോൾ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദർശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോൾ ദർശന രാജേന്ദ്രൻ എന്ന് കണ്ടു. അങ്ങനെയാണ് ദർശനയെ ഞാൻ ആദ്യം കാണുന്നത്.
പിന്നീട് മായാനദിയിലെ 'ഭാവ്‌രാ മൻ' ദർശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാൻ ദിവ്യയോട് ഇങ്ങനെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് 'കൂടെ' സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയെ ഫോക്കസ് ചെയ്താണല്ലോ ഷോട്ടുകൾ ഏറെയും. ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിൽ ഉള്ള ദർശനയെ നോക്കും, ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി നിക്കുമായിരുന്നു.
ഒരു സിനിമ ചെയ്യുമ്പോൾ ചില കഥാപാത്രത്തിന് ഇന്ന ആൾ ചേരും എന്ന് മനസ്സിൽ തോന്നാറുണ്ടല്ലോ. അത് ബുദ്ധിപൂർവമെടുക്കുന്ന തീരുമാനമൊന്നുമല്ല. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാൻ 'ഹൃദയം' എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്‌താൽ അടിപൊളി ആയിരിക്കും എന്ന്."