ക്യാപ്റ്റന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാകണമായിരുന്നു; വിജയകാന്തിന്‍റെ വിയോഗത്തില്‍ വികാരധീനനായി വിശാല്‍
എന്നെപോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്
ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്‍റെ വേര്‍പാടില്‍ വികാരധീനനായി നടന്‍ വിശാല്‍.വിദേശ ത്തായതിനാല്‍ അന്ത്യനിമിഷത്തില്‍ വിജയകാന്തിനൊപ്പം സമയം ചെലവഴിക്കാനായില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
''ക്യാപ്റ്റന്‍ താങ്കള്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല, എന്നോട് ക്ഷമിക്കണം. എന്നെപോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്. താങ്കളില്‍ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ നിങ്ങള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. പൊതുജനങ്ങള്‍ക്ക് താങ്കള്‍ എത്രത്തോളം സഹായം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പൈതൃകമാണ് എന്നെയും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചത്.
സിനിമ നടനും രാഷ്ട്രീയക്കാരനുമപ്പുറം താങ്കള്‍ ഒരു വലിയ മനസിന് ഉടമയായിരുന്നു. ജനങ്ങള്‍ക്കും നടികര്‍ സംഘത്തിനും വേണ്ടിയുള്ള നിങ്ങളുടെ സേവനം എല്ലാവരുടെയും ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കും. ഒരു നല്ല നടനായി അറിയപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു നല്ല മനുഷ്യന്‍ എന്ന പേര് നേടിയെടുക്കുക എന്നത്. താങ്കള്‍ അക്കാര്യത്തില്‍ വിജയിച്ചു. ഒരിക്കല്‍ കൂടി ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുകയാണ്....'' വിശാല്‍ പറഞ്ഞു.
അതേസമയം വിജയകാന്തിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ് നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ പുലർച്ചെ ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നുവിജയകാന്തിന്‍റെ അന്ത്യം.