കശ്മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം; പ്രഖ്യാപനവുമായി വിവേക് അഗ്നിഹോത്രി

കശ്മീര്‍ ഫയല്‍സിലെ ഏതെങ്കിലും ഒരൊറ്റ സീനോ, ഡയലോഗോ വ്യാജമാണെന്ന് തെളിയിച്ചാല്‍ സിനിമാ സംവിധാനം തന്നെ നിര്‍ത്തുമെന്ന് വിവേക് അഗ്നിഹോത്രി

Update: 2022-12-01 14:16 GMT
Editor : ijas | By : Web Desk
Advertising

ഹിന്ദുത്വ പ്രൊപഗണ്ട ചിത്രമായ 'കശ്മീര്‍ ഫയല്‍സിന്' തുടര്‍ച്ച പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 'കശ്മീര്‍ ഫയല്‍സ്: അണ്‍റിപോര്‍ട്ടഡ്' എന്ന പേരിലാകും പുതിയ ചിത്രമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. അതെസമയം പുറത്തുവരിക സിനിമയാണോ ഡോക്യുമെന്‍ററിയാണോ സീരീസാണോ എന്ന കാര്യത്തില്‍ സംവിധായകന്‍ വ്യക്തത വരുത്തിയിട്ടില്ല. 'ആജ് തക്' ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഗ്നഹോത്രി കശ്മീര്‍ ഫയല്‍സിന് തുടര്‍ച്ച വരുന്ന കാര്യം അഗ്നിഹോത്രി വെളിപ്പെടുത്തിയത്. ഒരു സിനിമക്ക് പകരം പത്ത് സിനിമക്കുള്ള കഥകളും സംഭവങ്ങളും തങ്ങളുടെ കൈയ്യിലുണ്ടായിരുന്നതായും എന്നാല്‍ ഇനി മുതല്‍ അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ 'കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്' എന്ന പേരില്‍ പുറത്തുവിടാനാണ് തീരുമാനമെന്നും അഗ്നിഹോത്രി വ്യക്തമാക്കി.

അതിനിടെ കശ്മീര്‍ ഫയല്‍സിലെ ഏതെങ്കിലും ഒരൊറ്റ സീനോ, ഡയലോഗോ വ്യാജമാണെന്ന് തെളിയിച്ചാല്‍ സിനിമാ സംവിധാനം തന്നെ നിര്‍ത്തുമെന്നും വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു. കശ്മീർ ഫയല്‍സിനെ പ്രൊപഗണ്ട സിനിമയെന്നാണ് വിളിക്കുന്നത്. ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്നാണോ ഇവർ പറയുന്നത്? ഇന്ന്, ലോകത്തിലെ എല്ലാ ബുദ്ധിജീവികളേയും, അർബൻ നക്സലുകളേയും-ഇസ്രായേലിൽ നിന്നുള്ള ആ മഹാനായ ചലച്ചിത്രകാരനെപ്പോലും-ഞാൻ വെല്ലുവിളിക്കുന്നു, അവർക്ക് ഒരു സീനെങ്കിലും, കാശ്മീർ ഫയൽസിലെ ഒരു ഡയലോഗെങ്കിലും സാങ്കൽപ്പികമാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമ ചെയ്യുന്നത് നിർത്തും'; വിവേക് അഗ്നിഹോത്രി പറഞ്ഞു.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ കശ്മീർ ഫയൽസ് ഉൾപ്പെടുത്താൻ പാടില്ലായിരുന്നുവെന്ന ജൂറി തലവന്‍ നാദവ് ലാപിഡിന്‍റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമാ പ്രഖ്യാപനം. മത്സരരംഗത്തുണ്ടായിരുന്ന 15ൽ 14 സിനിമകളും ജൂറി അംഗങ്ങൾ ആസ്വദിച്ചു. എന്നാൽ കശ്മീർ ഫയൽസ് കണ്ട് അസ്വസ്ഥരായെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15-ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീർ ഫയൽസ്. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപ്പഗൻഡ) സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അശ്ലീല സിനിമയായി തോന്നി. ഈ വേദിയിൽ ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നി. വിമർശനങ്ങൾ സ്വീകരിക്കുക എന്നതു കലയിലും ജീവിതത്തിലും അത്യന്താപേക്ഷിതമാണ്"-നാദവ് ലാപിഡ് പറഞ്ഞു.

'ദ വാക്സിന്‍ വാര്‍' ആണ് വിവേക് അഗ്നിഹോത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കോവിഡ് മഹാമാരി സമയത്ത് രാജ്യം നിര്‍മിച്ച വാക്സിനിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കം പതിനൊന്ന് ഭാഷകളിലാകും ചിത്രം പുറത്തിറങ്ങുക. വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയാണ് ചിത്രം നിര്‍മിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News