'കശ്മീര്‍ ഫയല്‍സിന്' ശേഷം 'വാക്സിന്‍ വാറു'മായി വിവേക് അഗ്നിഹോത്രി; 11 ഭാഷകളില്‍ റിലീസ്
ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കം പതിനൊന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്
കശ്മീര്‍ ഫയല്‍സിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 'ദ വാക്സിന്‍ വാര്‍' എന്ന് പേരിട്ട ചിത്രം കോവിഡ് മഹാമാരി സമയത്ത് രാജ്യം നിര്‍മിച്ച വാക്സിനിന്‍റെ കഥയാണ് പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കം പതിനൊന്ന് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 'നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു യുദ്ധമാണ് നിങ്ങള്‍ നടത്തിയത്, വിജയിക്കുകയും ചെയ്തു' എന്നാണ് ചിത്രത്തിന്‍റെ ടാഗ്. യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മിക്കുന്നതെന്ന് അഗ്നിഹോത്രി പറഞ്ഞു. കോവിഡ് സമയത്ത് ഇന്ത്യക്ക് പൊരുതാൻ ഒന്നുമില്ലായിരുന്നു. മെഡിക്കൽ മഹാശക്തികളാൽ ഇന്ത്യ ഭയന്നിരിക്കുമ്പോള്‍ നമ്മുടെ ശാസ്ത്രജ്ഞർ, വിഭവങ്ങളില്ലാതെ, അവരുടെ ധർമ്മം പോലെ ഇതിനെ തിരിച്ചടിച്ചു. ഏറ്റവും വേഗതയേറിയതും സുരക്ഷിതവുമായ വാക്സിൻ നിര്‍മിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന അടിസ്ഥാന സൗകര്യം സൃഷ്ടിച്ചതായും വിവേക് അഗ്നിഹോത്രി സിനിമയെക്കുറിച്ച് പറഞ്ഞു.
അയാം ബുദ്ധ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ബാനറിലൂടെയാണ് റിലീസ് ചെയ്യുക. 2023 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ റിലീസ്.