അദ്ദേഹം തീവ്രവാദികളെ പിന്തുണക്കാൻ ഇഷ്ടപ്പെടുന്നു; നസറുദ്ദീന്‍ ഷാക്കെതിരെ വിവേക് അഗ്നിഹോത്രി
ചില സമയങ്ങളിൽ ആളുകൾ പല കാര്യങ്ങളിലും നിരാശരാകുമെന്ന് വിവേക് ചൂണ്ടിക്കാട്ടി
മുംബൈ: കശ്മീര്‍ ഫയല്‍സിനെതിരായ നടന്‍ നസറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഷാ തീവ്രവാദത്തെ പിന്തുണക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും താന്‍ അദ്ദേഹം പറയുന്നത് കാര്യമാക്കുന്നില്ലെന്നും വിവേക് പറഞ്ഞു.
ഫ്രീ പ്രേസ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷായുടെ പരാമര്‍ശം. ''"കേരള സ്റ്റോറി, ഗദർ 2 തുടങ്ങിയ സിനിമകൾ ഞാൻ കണ്ടിട്ടില്ല, പക്ഷേ അവ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം. കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ ഇത്രയധികം വരുന്നത് അസ്വസ്ഥമാക്കുന്നു.സുധീർ മിശ്ര, അനുഭവ് സിൻഹ, ഹൻസൽ മേത്ത എന്നിവർ അവരുടെ കാലത്തെ സത്യത്തെ ചിത്രീകരിക്കാൻ ശ്രമിക്കുന്ന സിനിമകൾ വളരെ ജനപ്രിയമാണ്.'' എന്നാണ് ഷാ പറഞ്ഞത്. നസീര്‍ സാഹിബിന്‍റെ കടുത്ത ആരാധകനാണ് താനെന്നും അതുകൊണ്ടാണ് താന്‍ 2019ല്‍ ഒരുക്കിയ താഷ്കെന്‍റ് ഫയല്‍സ് എന്ന ചിത്രത്തിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും വിവേക് പറഞ്ഞു. ''പ്രായമായതുകൊണ്ടാണോ അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സമയങ്ങളിൽ ആളുകൾ പല കാര്യങ്ങളിലും നിരാശരാകുമെന്ന് വിവേക് ചൂണ്ടിക്കാട്ടി. “മറ്റൊരാളുടെ കലയിലൂടെ ആളുകൾക്ക് മുന്നിൽ നഗ്നരാകുന്നത് ആളുകൾക്ക് പൊതുവെ ഇഷ്ടമല്ല, എന്തോ കുഴപ്പമുണ്ട്, നസീർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ എന്തോ ശരികേടുണ്ട്''. കൂടാതെ, വംശഹത്യയെ പിന്തുണയ്ക്കുന്ന സിനിമകളിൽ നസറുദ്ദീൻ സന്തോഷവാനാണെന്നും അത്തരം സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നും വിവേക് പറഞ്ഞു."എന്തുകാരണങ്ങളാലും അദ്ദേഹം തീവ്രവാദികളെ പിന്തുണയ്ക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാൻ അത് ചെയ്യുന്നില്ല. നസീർ പറയുന്നത് പോലും ഞാൻ കാര്യമാക്കുന്നില്ല'' വിവേക് വ്യക്തമാക്കി.
മുന്‍പും നസറുദ്ദീന്‍ ഷാ കശ്മീര്‍ ഫയല്‍സിനെതിരെ പറഞ്ഞിട്ടുണ്ട്. ''ഭീദ്, അഫ്വാഹ്, ഫറാസ് തുടങ്ങിയ മൂല്യവത്തായ സിനിമകൾ പൊളിഞ്ഞു. ആരും കാണാൻ പോയില്ല, കേരള സ്റ്റോറി കാണാൻ ആളുകൾ ഒഴുകുന്നു. വേണ്ടത്ര വായിച്ചതിനാൽ ഇത് കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.'' എന്നായിരുന്നു ഷാ പറഞ്ഞത്. നേരത്തെ നടന്‍ കമല്‍ഹാസനും കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു. 'പ്രൊപ്പഗാണ്ട സിനിമ' എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്.