'കുടുംബം കുടുംബം, കുടുംബം, കരൺ ജോഹറിന്റെ സിനിമയിൽ പ്രവർത്തിക്കാമല്ലോ' - പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി
'എന്റെ കുടുംബത്തിന്റെ രക്തം ഈ രാജ്യത്ത് ജനാധിപത്യത്തെ ഉഴുതുമറിച്ചിരിക്കുന്നു എന്ന് പ്രയങ്കയുടെ പ്രസംഗത്തെ പരിഹസിച്ചാണ് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്
പ്രിയങ്കാ ഗാന്ധിക്കെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. ഗാന്ധി കുടുംബം കരൺ ജോഹറിന്റെ സിനിമകളിൽ പ്രവർത്തിക്കാൻ തുടങ്ങണമെന്നായിരുന്നു പരിഹാസം. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി രാജ് ഘട്ടിൽ നടത്തിയ പ്രസംഗത്തെ പരാമർശിച്ചാണ് വിവേക് അഗ്‌നിഹോത്രി പ്രിയങ്കക്കെതിരെ ട്വീറ്റ് ചെയ്തത്.
''കുടുംബം, കുടുംബം, കുടുംബം നിങ്ങൾ എന്താണ് ചെയ്തത്. കുടുംബത്തോട് ഇത്രയും കപട സ്‌നേഹമുണ്ടെങ്കിൽ, ഗാന്ധി കുടുംബം കരൺ ജോഹറിന്റെ സിനിമകളിൽ പ്രവർത്തിക്കാൻ തുടങ്ങണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. കരൺ ജോഹറും മുങ്ങിപ്പോകുമോ എന്ന് ആർക്കറിയാം കുടുംബത്തിന്റെ ആവാസവ്യവസ്ഥയെങ്കിലും പൊരുത്തപ്പെടും.'' പിയങ്കയുടെ പ്രസംഗ വീഡിയോ പങ്കുവെച്ച് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു.
'എന്റെ കുടുംബത്തിന്റെ രക്തം ഈ രാജ്യത്ത് ജനാധിപത്യത്തെ ഉഴുതുമറിച്ചിരിക്കുന്നു, ഈ രാജ്യത്തിന്റെ ജനാധിപത്യത്തിനായി ഞങ്ങൾ എന്തും ചെയ്യാൻ തയ്യാറാണ്. കോൺഗ്രസിന്റെ മഹാനായ നേതാക്കളാണ് ജനാധിപത്യത്തിന്റെ അടിത്തറ പാകിയത്. പ്രസംഗത്തിൽ പ്രിയങ്ക പറഞ്ഞത് ഇതായിരുന്നു.
രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലെ സങ്കൽപ് സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
അതേസമയം, രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യം മുഴുവൻ കോൺഗ്രസ് സത്യാഗ്രഹം. ഡൽഹി രാജ്ഘട്ടിൽ നടന്ന സത്യാഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണ് സത്യഗ്രഹമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.ആബാലവൃദ്ധമടക്കം ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് മഹാത്മാ ഗാന്ധിയുടെ സമാധിയായ രാജഘട്ടിലേക്ക് രാവിലെ മുതൽ എത്തിയത്. പൊലീസ് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചെങ്കിലും സത്യാഗ്രഹവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വാക്കാൽ അനുമതി നൽകുക മാത്രമായിരുന്നു പൊലീസിന് മുൻപിലുള്ള ഏക മാർഗ്ഗം. കോൺഗ്രസ് അധ്യക്ഷൻ, കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പത്ത് മണിക്ക് സത്യാഗ്രഹ വേദിയിൽ എത്തി.