സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു
വര്‍ധന ആഗസ്ത് 17 മുതല്‍ പ്രാബല്യത്തില്‍ വരും
കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു. ദിവസവേതനത്തില്‍ 25 ശതമാനം വര്‍ധനയാണ് വരുത്തിയത്. വര്‍ധന ആഗസ്ത് 17 മുതല്‍ പ്രാബല്യത്തില്‍ വരും.
നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നടത്തിയ ചര്‍ച്ചയിലാണ് ദിവസവേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ച കരാറിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രജപുത്ര രഞ്ജിത്തും ഒപ്പുവെച്ചു. ഫെഫ്കയുടെ കീഴിലുള്ള ബാറ്റ വാങ്ങുന്ന എല്ലാ തൊഴിലാളികള്‍ക്കും വര്‍ധനവ് ബാധകമാകും.
നിലവിലെ കരാറിൽ ഉണ്ടായിരുന്ന സമയ വ്യവസ്ഥയിലും മറ്റ് നിബന്ധനകളിലും മാറ്റമില്ല. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ ദിവസവേതനത്തില്‍ വര്‍ധനവ് വരുത്തുന്നത്. ഡ്രൈവേഴ്സ് യൂണിയനിലെ അംഗങ്ങളെയും ഒരു വര്‍ഷത്തേക്ക് കരാറിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. ചിങ്ങം ഒന്നായ ആഗസ്ത് 17ന് കരാര്‍ പ്രാബല്യത്തില്‍ വരും.