'മദനോത്സവം' കണ്ടു, എന്തായി സുരേന്ദ്രന്‍റെ കള്ളപ്പണ കേസ്'; ചോദ്യവുമായി വി.ടി ബല്‍റാം
കൊടകര കള്ളപ്പണക്കേസില്‍ പിണറായി വിജയൻ സർക്കാർ എടുത്ത കേസ് എന്തായെന്നാണ് വി.ടി ബല്‍റാം ചോദിക്കുന്നത്
പിണറായി വിജയൻ സർക്കാർ കേസെടുത്ത കെ സുരേന്ദ്രൻ 400 കോടി രൂപ ഹെലികോപ്റ്ററില്‍ കടത്തിയ കൊടകര കള്ളപ്പണക്കേസ് എന്തായെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ 'മദനോത്സവം' സിനിമയില്‍ കെ സുരേന്ദ്രനോട് സാമ്യമുള്ള കഥാപാത്രവും കള്ളപ്പണക്കേസും പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമ കണ്ടതിന് പിന്നാലെയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കള്ളപ്പണക്കേസിന്‍റെ പുരോഗതി ചോദ്യം ചെയ്തത്. കൊടകര കള്ളപ്പണക്കേസില്‍ പിണറായി വിജയൻ സർക്കാർ എടുത്ത കേസ് എന്തായെന്നാണ് വി.ടി ബല്‍റാം ചോദിക്കുന്നത്.
വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്നലെ ചങ്ങരംകുളം മാർസ് തിയറ്ററില്‍ നിന്ന് കുടുംബസമേതം 'മദനോത്സവം' സിനിമ കണ്ടു. അത് പറഞ്ഞപ്പോഴാ ഓർത്തത്, എന്തായി കെ. സുരേന്ദ്രൻ 400 കോടി രൂപ കള്ളപ്പണം ഹെലികോപ്റ്ററിൽ കടത്തിയതിന്റെയും അതിൽ കുറേ പണം കൊടകര വച്ച് ആരോ കവർച്ച ചെയ്തതിന്റെയുമൊക്കെ പേരിൽ പിണറായി വിജയൻ സർക്കാർ എടുത്ത കേസ്?
2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് കൊടകരയില്‍ കള്ളപ്പണ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്‍റെ മകന്‍ കെഎസ് ഹരികൃഷ്ണന്‍റെ ഫോണിലേക്കായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.