ഇത്തരം 'സെക്സിസ്റ്റ്' പ്രസ്താവനകൾ ആദ്യമായിട്ടല്ല അലന്‍സിയറില്‍ നിന്നുണ്ടാകുന്നത്; ഡബ്ള്യൂ.സി.സി

അലൻസിയർ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നു

Update: 2023-09-16 02:57 GMT
Editor : Jaisy Thomas | By : Web Desk

ഡബ്ള്യൂ.സി.സി/അലന്‍സിയര്‍

Advertising

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ള്യൂ.സി.സി). സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകളെന്ന് ഡബ്ള്യൂ സി.സി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഡബ്ള്യൂ.സി.സിയുടെ കുറിപ്പ്

ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലൻസിയറുടെ വാക്കുകൾ. മാധ്യമങ്ങളും നിരീക്ഷകരുമുൾപ്പെടെ പലരും ഇതിനൊരു തിരുത്തൽ ആവശ്യപ്പെട്ടിട്ടും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലൻസിയറുടെ നിലപാടിനെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു.

പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജയതാവിൽനിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവർത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയർച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.

ഇത്തരം "സെക്സിസ്റ്റ്" പ്രസ്താവനകൾ ഇതാദ്യമായല്ല അലൻസിയറിൽ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവർത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതൽ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News