'എന്താണ് വൈറ്റ് ടോര്‍ച്ചര്‍?'; റോഷാക്കിന്‍റെ ട്രെയിലറിന് പിന്നാലെ ചോദ്യവുമായി സോഷ്യല്‍ മീഡിയ
ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നുപോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ രഹസ്യങ്ങള്‍ ഒളിപ്പിച്ചുള്ള റോഷാക്കിന്‍റെ വരവ് പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ട്രെയിലറിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ട്രെയിലറിന്‍റെ അവസാന ഭാഗത്ത് വെള്ള പ്രതലത്താല്‍ ചുറ്റിയ മുറിയില്‍ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ കാണിക്കുന്നുണ്ട്. പൊലീസ് ചോദ്യം ചെയ്യലിലെ പീഡന മുറയാണ് ഇതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വൈറ്റ് റൂം ടോര്‍ച്ചര്‍ ഒറ്റപ്പെടലിലേക്കും ഇന്ദ്രിയങ്ങള്‍ നശിക്കുന്നതിലേക്കും വഴിവെക്കുമെന്ന് മനശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നുപോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും. കിടക്കയും ആഹാരവും മേശയും കസേരയും ഉള്‍പ്പെടെ കഴിക്കുന്ന ഭക്ഷണം വരെ വെള്ള നിറത്തിലുള്ളതായിരിക്കും. ശബ്ദമോ മറ്റുള്ളവരുമായുള്ള ഇടപെടലോ തടഞ്ഞുവെക്കുന്നതിലൂടെ ഒരു വ്യക്തിയെ സ്വയം മാനസികമായി തകര്‍ക്കാന്‍ സാധിക്കുന്നു. ഇങ്ങനെ സജ്ജീകരിച്ച ഒരു അടച്ച മുറിയില്‍ ഒരു വ്യക്തിയെ മാസങ്ങളോ വര്‍ഷങ്ങളോ താമസിപ്പിക്കും. ഇങ്ങനെ കഴിയുന്നതിലൂടെ ഒരാള്‍ സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാനാകാതെ മാനസികമായി തകര്‍ന്നുപോകുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.
യു.എസ്, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്‍ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ ആക്ഷന്‍ സീരീസായ 'ദി ബ്രേവ്' വൈറ്റ് റൂം ടോര്‍ച്ചറിന്‍റെ ഭീകരത ഒരു എപിസോഡില്‍ കാണിക്കുന്നുണ്ട്.വൈറ്റ് റൂം ടോര്‍ച്ചര്‍ മലയാളത്തില്‍ ആദ്യമായി എത്തുമ്പോള്‍ അത് നായകന്‍റെ ശക്തി ഇരട്ടിയാക്കുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.