സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് എന്തുചെയ്യും? കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ പറയുന്നു

സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് എന്തുചെയ്യുമെന്ന കാര്യം വിശദീകരിക്കുകയാണ് മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍

Update: 2023-01-01 10:07 GMT
Editor : ijas | By : Web Desk
Advertising

സിനിമ കാണാന്‍ തുടങ്ങുന്നത് മുതലുള്ള ഓരോ സിനിമാ ആസ്വാദകന്‍റെയും സംശയമായിരിക്കും ചിത്രത്തില്‍ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് എന്തുചെയ്യുമെന്നതിനെ കുറിച്ച്. മിന്നുന്ന സ്റ്റൈലിഷ് ലുക്കിലുള്ളത് മുതല്‍ സിനിമയ്ക്കായി മാത്രമായി ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ പ്രത്യേക വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്നവ ആരാധകരുടെ മനം കീഴടക്കുന്നതാണ്. ഓരോ സിനിമയുടെ കാഴ്ചക്ക് അവസാനവും ആരാധകര്‍ ഇത്തരം വസത്രങ്ങള്‍ കൈപിടിയിലാക്കാനുള്ള ആഗ്രഹവും തുറന്നുപറയും. എന്നാല്‍ സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് എന്തുചെയ്യുമെന്ന കാര്യം വിശദീകരിക്കുകയാണ് മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍.

ഒരു സിനിമ പൂര്‍ത്തിയാകുന്നതോടെ കോസ്റ്റ്യൂമിന്‍റെ ഉടമസ്ഥാവകാശം നിര്‍മാതാവിനാണെന്നാണ് സ്റ്റെഫി പറയുന്നത്. സിനിമ കഴിയുമ്പോള്‍ വസ്ത്രങ്ങള്‍ കൈമാറും. തുടര്‍ച്ചയായി സിനിമ ചെയ്യുന്ന കമ്പനികളാണെങ്കില്‍ അവയില്‍ ചിലതു മാത്രം ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കോ ചെറിയ വേഷം ചെയ്യുന്നവര്‍ക്കോ വീണ്ടും ധരിക്കാന്‍ നല്‍കും. എന്നാല്‍ മിക്കയിടത്തും ഇതു വര്‍ഷങ്ങളായി ഉപയോഗിക്കാതെ ഇരുന്നു പോകുന്ന പതിവുണ്ടെന്ന് സ്റ്റെഫി പറയുന്നു.

എന്നാല്‍ പതിവില്‍ നിന്നും വിഭിന്നമായി മലയാളത്തിലെ മുന്‍ നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് കഴിഞ്ഞ പ്രളയകാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന തുണിത്തരങ്ങള്‍ വ്യാപകമായി ക്യാംപുകളിലും മറ്റും നല്‍കിയിരുന്നു. സിനിമയില്‍ ഉപയോഗം പൂര്‍ത്തിയായ വസ്ത്രങ്ങള്‍ ലേലം ചെയ്ത് ആ തുക ചാരിറ്റിക്കോ മറ്റോ നല്‍കാവുന്നതാണെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു.

ഫാഷന്‍ ഡിസൈനിങില്‍ പഠനം പൂര്‍ത്തിയാക്കിയ സ്റ്റെഫി 2015ല്‍ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് സ്വാതന്ത്രൃ വസ്ത്രാലങ്കാരികയാകുന്നത്. 90 ലേറെ സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സ്റ്റെഫിക്ക് 2017ല്‍ സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. 'ഗപ്പി'യിലെ വസ്ത്രാലങ്കാരത്തിനാണ് സ്റ്റെഫിക്ക് പുരസ്കാരം നല്‍കിയത്. നിലവില്‍ വസ്ത്രാലങ്കാരത്തില്‍ നിന്നും ഇടവേളയെടുത്ത് സിനിമാ സംവിധാനത്തിലേക്കിറങ്ങിയിരിക്കുകയാണ് സ്റ്റെഫി. രജിഷ വിജയനും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News