'കുരക്കുന്ന പട്ടികളുടെ വായ അടക്കാൻ നമുക്ക് പറ്റില്ലല്ലോ': കെ.ജി ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് സുഖവാസത്തിന് പോയെന്ന ആരോപണത്തിന് മറുപടിയുമായി ഭാര്യ

പക്ഷാഘാതം പിടിപ്പെട്ട കെ.ജി ജോർജിനെ ഒറ്റക്ക് പരിചരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും ഒറ്റക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയതെന്നും സൽമ പറഞ്ഞു

Update: 2023-09-26 14:30 GMT
Advertising

കൊച്ചി: കെ.ജി ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും സുഖവാസത്തിന് പോയി എന്ന ആരോപണത്തിന് മറുപടിയുമായി ഭാര്യ സൽമ. താനും മക്കളും ഭർത്താവിനെ നന്നായി പരിചരിച്ചിരുന്നെന്നും എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് സിഗ്നേച്ചറിലാക്കിയതെന്നും സൽമ പറഞ്ഞു. പക്ഷാഘാതം പിടിപ്പെട്ട അദ്ദേഹത്തെ ഒറ്റക്ക് പരിചരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും ഒറ്റക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയതെന്നും അവർ കൂട്ടിച്ചേർത്തു.

ഒരുപാട് നല്ല സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം പണം ഉണ്ടാക്കിയിട്ടില്ല. കെ.ജി ജോർജിനെ പോലൊരു സംവിധായകൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഇനി ഉണ്ടാവില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് മൃതശരീരം കത്തിച്ചതെന്നും സൽമ പറഞ്ഞു.


'ഞാനും മക്കളും എന്‍റെ ഭർത്താവിനെ നന്നായി തന്നെയാണ് നോക്കിയത്. അദ്ദേഹത്തെ സിഗ്നേച്ചറിലാക്കാൻ കാരണം അവിടെ ഡോക്ടർമാരും നഴ്സ്മാരും ഉള്ളതുകൊണ്ടാണ്. ആളുകള്‍ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കിയെന്നൊക്കെ പറയുന്നുണ്ട്. സിനിമാ രംഗത്തുള്ളവരോട് ചോദിച്ചാൽ അറിയാം ഞങ്ങള്‍ അദ്ദേഹത്തെ എങ്ങനെയാ നോക്കിയതെന്ന്. പിന്നെ ഞങ്ങള്‍ക്ക് ജീവിക്കണ്ടേ, മകള്‍ക്ക് ദോഹയിലും മകന് ഗോവയിലുമാണ് ജോലി. എനിക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവരുടെ കൂടെ പോയി. അദ്ദേഹത്തിന് സ്ട്രോക്ക് ഉള്ളത് കൊണ്ട് കുളിപ്പിക്കാനും എടുത്ത് കിടത്താനൊന്നുമുള്ള ആരോഗ്യവും എനിക്കില്ല. അതുകൊണ്ടാണ് അവിടെ ആക്കിയത്. അവരും അദ്ദേഹത്തെ നന്നായാണ് നോക്കിയത്. എല്ലാ ആഴ്ചയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഞാൻ കൊടുത്തുവിടാറുണ്ട്. പിന്നെ ഈ കുരക്കുന്ന പട്ടികളുടെ വായ നമുക്ക് അടക്കാൻ പറ്റില്ലല്ലോ.

ജോർജേട്ടൻ ഒരുപാട് നല്ല സിനിമള്‍ ഉണ്ടാക്കി പക്ഷേ അഞ്ച് കാശ് ഉണ്ടാക്കിയിട്ടില്ല. അതാണ് ഞങ്ങളുടെ വിഷമം. ഞങ്ങള്‍ക്ക് ആരെയും ബോധിപ്പിക്കണ്ട കാര്യമില്ല, ദൈവത്തെ മുൻനിർത്തിയാണ് ഞങ്ങള്‍ ജീവിച്ചത്. വലിയൊരു ഡയറക്ടർ മാത്രമല്ല നല്ലൊരു ഭർത്താവ് കൂടിയായിരുന്നു അദ്ദേഹം. ഞാൻ അത്രക്ക് അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. ഒരു വിഷമവും ഞാൻ വരുത്തിയിട്ടില്ല. സുഖവാസത്തിനൊന്നുമല്ല ഗോവക്ക് പോയത്.

പിന്നെ അദ്ദേഹം മരിച്ചത്, പ്രായമായാൽ മനുഷ്യർക്ക് രോഗമുണ്ടാകും. കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ എടുത്തേക്കണേ എന്ന് ഞാൻ എന്നും ദൈവത്തോട് പ്രാർഥിക്കുമായിരുന്നു. ആ പ്രാർഥന ദൈവം കേട്ടു. അദ്ദേഹം മരിച്ച് കിടക്കുന്നതിൽ എനിക്ക് സമാധനമുണ്ട്. അല്ലാതെ എനിക്കൊരു വിഷമവുമില്ല.

കെ.ജി ജോർജിനെ പോലൊരു ഡയറക്ടർ മലയാള സിനിമയുടെ ചരിത്രത്തിൽ ഇനി ഉണ്ടാവില്ല. അത്രയും കഴിവുള്ള സംവിധായകനാണ്. ലോകത്തിൽ ആർക്കും കെ.ജി ജോർജിനെ കുറ്റം പറയാൻ ആകില്ല. ആഗ്രഹിച്ച രണ്ട് സിനിമകള്‍ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബാക്കിയെല്ലാം ആഗ്രഹിച്ച പോലെ നടന്നു.

എന്നെ പള്ളിയിൽ അടക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആര് എന്ത് പറഞ്ഞാലും എന്‍റെ മൃതശരീരം ദഹിപ്പിക്കണമെന്ന് പറയാറുണ്ട്. അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെ തന്നെ അത് ഞാൻ ചെയ്തു. ഒത്തിരി പേർ അതിനെ എതിർത്തിരുന്നു. എനിക്ക് പക്ഷേ ആരെങ്കിലും പറയുന്നത് കേള്‍ക്കേണ്ട ആവശ്യമില്ല, എന്‍റെ ഭർത്താവിന്‍റെ ആഗ്രഹം ഞാൻ സാധിച്ചുകൊടുത്തു. നാളെ ഞാൻ മരിച്ചാലും എന്നെ ദഹിപ്പിച്ചാൽ മതി. പള്ളിയുമായിട്ടുള്ള യാതൊരു ബന്ധവും എനിക്ക് വേണ്ട. പള്ളിയിൽ പോകുന്നത് പോലും എനിക്ക് ഇഷ്ടമല്ല. '- സൽമ

ഞായറാഴ്ച രാവിലെയാണ് മലയാളത്തിന്‍റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ.ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവന്നിരുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News