കിച്ച സുദീപ് രാഷ്ട്രീയത്തിലേക്ക്? നടന്‍റെ മറുപടി!
കർണാടകയിലെ പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി
ഹൈദരാബാദ്: വ്യത്യസ്തമായ വിഷയങ്ങളിൽ തന്‍റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നുപറയാറുള്ള നടനാണ് കന്നഡ താരം കിച്ച സുദീപ്. സമകാലീന പ്രശ്നങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്‍റെ നിലപാടുകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടൻ രാഷ്ട്രീയക്കാരനായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി. കർണാടകയിലെ പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് സുദീപ് പറഞ്ഞത്.
"ഞാൻ ഡി.കെ ശിവകുമാർ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രി ഡി.കെ സുധാകർ എന്നിവരെ കണ്ടിട്ടുണ്ട്.എല്ലാവരുമായും നല്ല ബന്ധമാണ് എനിക്കുള്ളത്, എന്നാൽ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല.ഞാൻ ഒരു തീരുമാനം എടുക്കുമ്പോൾ അത് പരസ്യമാക്കും.ഇത്തരമൊരു വലിയ തീരുമാനം എടുക്കുമ്പോൾ ആരാധകരുടെ അഭിപ്രായമാണ് തനിക്ക് പ്രധാനമെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.രാഷ്ട്രീയ പാർട്ടികളെക്കാൾ, രാഷ്ട്രീയത്തിലേക്കുള്ള എന്‍റെ ചുവടുവെപ്പിനെക്കുറിച്ച് ആരാധകർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്, അത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് അവരോടും കൂടിയാലോചിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാതെ തന്നെ ജനങ്ങളെ സേവിക്കാം. ആദ്യം എനിക്ക് എന്നെക്കുറിച്ച് ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റേണ്ടത് അല്ലെങ്കിൽ വ്യക്തിഗതമായി എന്തു സംഭാവന നല്‍കാന്‍ കഴിയും എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്'' സുദീപ് വ്യക്തമാക്കി.
അനുപ് ഭണ്ഡാരിയുടെ വിക്രാന്ത് റോണയിലാണ് കിച്ച സുദീപ് അവസാനമായി അഭിനയിച്ചത്.2022-ൽ ലോകമെമ്പാടുമായി 250 കോടിയിലധികം കലക്ഷന്‍ നേടിയ കന്നഡ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. പുതിയ ചിത്രമായ കബ്‌സയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ എന്റർടെയ്‌നറിൽ കിച്ച സുദീപ്, ഉപേന്ദ്ര, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലെ ഗ്യാങ്സ്റ്റര്‍ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. മാർച്ച് 17ന് ചിത്രം തിയറ്ററുകളിൽ എത്തും.