'ഇരയ്‌ക്കൊപ്പം'; ശ്രീകാന്ത് വെട്ടിയാരെ തള്ളി ഐസിയു
Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്തിനെതിരെ മീടു ആരോപണമുണ്ടായത്. ആലുവയിലുള്ള ഫ്‌ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ
ആക്ഷേപഹാസ്യത്തിലൂടെയും ട്രോളുകളിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാർക്കെതിരായ മീടൂ ആരോപണത്തിൽ പ്രതികരണവുമായി ട്രോൾ പേജായ ഇന്റർനാഷനൽ ചളു യൂനിയൻ(ഐസിയു). ആരോപണത്തിൽ പൂർണമായും ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് ഐസിയു ടീം പ്രതികരിച്ചു. ഐസിയു പേജിന്റെ അഡ്മിനായിരുന്നു ശ്രീകാന്ത്.
ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച് ഒരു മീടൂ ആരോപണം ഉയർന്നുവന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുൻപ് ഐസിയു അഡ്മിൻ പാനലിലുണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. പിന്നീട് സ്വന്തം തിരക്കുകൾ കൂടിവരവേ ശ്രീകാന്ത് അഡ്മിൻ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമിൽ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളതെന്നത് ഐസിയു അതീവ ഗൗരവപൂർവം കാണുന്നു-ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഐസിയു ടീം പ്രതികരിച്ചു.
എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ട തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്. എല്ലായ്‌പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരുവിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണ്ണമായും ഇരയോട്/ഇരകളോടൊപ്പം നിൽക്കുന്നുവെന്നും അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്തിനെതിരെ മീടു ആരോപണമുണ്ടായത്. ആലുവയിലുള്ള ഫ്‌ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഫെബ്രുവരി 15നായിരുന്നു സംഭവം. നേരത്തെ സുഹൃത്തായിരുന്ന ശ്രീകാന്ത് സ്വന്തം ജന്മദിനം ആഘോഷിക്കാനെന്നു പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചു. രാത്രി 12ന് കേക്കുമുറിയെല്ലാം കഴിഞ്ഞ ശേഷം കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും തുടങ്ങി. എതിർത്തപ്പോൾ ബലംപ്രയോഗിച്ചു. തുടർന്ന് ബലാത്സംഗത്തിനിരയാക്കിയെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിനുശേഷം പിന്നീടും പലപ്പോഴും മാനസികമായി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയുണ്ട്.
Summary: ICU rejects Sreekanth Vettiyar in Metoo case, and says the team is with the victim