'ഉണർന്നത് വെടിയൊച്ച കേട്ട്': സൽമാൻ ഖാൻ പൊലീസിനോട് പറഞ്ഞത്...
ലോറൻസ് ബിഷ്‌ണോയ് സംഘം വാടകയ്‌ക്കെടുത്തവരാണ് അക്രമികളെന്നാണ് പൊലീസ് പറയുന്നത്
മുംബൈ: ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ് കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി നടൻ സൽമാൻ ഖാൻ. കഴിഞ്ഞ ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്തിരുന്നത്.
ലോറൻസ് ബിഷ്‌ണോയ് സംഘം വാടകയ്‌ക്കെടുത്തവരാണ് അക്രമികളെന്നാണ് പൊലീസ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേസിൽ സൽമാൻ ഖാന്റെ മൊഴി കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുംബൈ ക്രൈംബ്രാഞ്ചിലെ നാലംഗ സംഘമാണ് ബാന്ദ്രയിലെ വീട്ടിലെത്തി സൽമാൻ ഖാന്റെയും സഹോദരൻ അർബാസ് ഖാന്റെയും മൊഴിയെടുത്തത്. മൊഴിയെടുപ്പ് അഞ്ച് മണിക്കൂറോളം നീണ്ടു. സല്‍മാന്‍ ഖാന്‍ മൂന്ന് മണിക്കൂറും അര്‍ബാസ് ഖാന്‍ രണ്ട് മണിക്കൂറും എടുത്താണ് പൊലീസിനോട് സഹകരിച്ചത്.
''വെടിവെപ്പ് നടന്ന സമയം വീട്ടിലുണ്ടായിരുന്നു. ഒരു പാർട്ടിയിൽ പങ്കെടുത്തതിനാൽ അന്ന് വൈകിയാണ് കിടന്നത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ ബുള്ളറ്റ് തട്ടിയ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. അവിടെ പോയി നോക്കിയപ്പോൾ ആരെയും കണ്ടില്ല''- സൽമാൻ ഖാൻ പറഞ്ഞു.
വെടിവെപ്പ് നടന്ന സമയത്ത് അർബാസ്, ജുഹുവിലെ തന്റെ വസതിയിലായിരുന്നുവെങ്കിലും ലോറൻസ് ബിഷ്‌ണോയി സംഘം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് നല്ലപോലെ അറിയാം. ഇതിനാലാണ് അദ്ദേഹത്തിന്റെ മൊഴി എടുത്തത്. 150ാളം ചോദ്യങ്ങളാണ് പൊലീസ് തയ്യാറാക്കിയിരുന്നത്.
എന്നാല്‍ സംഭവദിവസം ഖാന്റെ പിതാവ് സലിം ഖാനും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും പ്രായക്കൂടുതൽ കാരണം മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കിൽ പിതാവിന്റെ മൊഴി രേഖപ്പെടുത്താമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. വിക്കി ഗുപ്ത, സാഗർ പാല്‍ എന്നിവരെ ഗുജറാത്തില്‍ നിന്നും അനൂജ് ഥാപന്‍ എന്നയാളെ പഞ്ചാബില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂജിന് പുറമെ മറ്റൊരാളെക്കൂടി പഞ്ചാബില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിട്ടണ്ട്. എന്നാല്‍ അനൂജ് ഥാപന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനൂജിന്റെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷിക്കുന്നു എന്നാണ് പൊലീസ് നല്‍കുന്ന മറുപടി.
നിലവില്‍ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ബന്ധു അന്‍മോല്‍ ബിഷ്‌ണോയിയും ചേര്‍ന്ന് പാകിസ്താനി ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകള്‍ വാങ്ങിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിനിമാ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍, കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവാണ് ബിഷ്ണോയി സംഘത്തിന്റെ പ്രകോപനത്തിന് പിന്നില്‍.
തങ്ങളുടെ ഗുരുവായ ജംബോജിയുടെ പുനര്‍ജന്മമാണ് കൃഷ്ണമൃഗം എന്നാണ് ബിഷ്‌ണോയുടെ വാദം. തങ്ങളുടെ പുണ്യ മൃഗത്തെ വേട്ടയാടിയത് പൊറുക്കാനാവാത്ത തെറ്റ് ആണെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്.