'എന്‍റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പാ'ണെന്ന് ധ്യാന്‍; രൂക്ഷവിമര്‍ശനവുമായി എന്‍.എസ് മാധവന്‍

'കുറ്റകൃത്യങ്ങളെ കാലം മായ്ക്കുമെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി'

Update: 2022-05-15 15:25 GMT
Advertising

മീ ടൂ മൂവ്മെന്‍റിനെ പരിഹസിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കുറ്റകൃത്യങ്ങളെ കാലം മായ്ക്കുമെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്നാണ് എന്‍.എസ് മാധവന്‍റെ ട്വീറ്റ്.

തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ മീ ടൂ മൂവ്മെന്‍റിനെ പരിഹസിച്ചത്- "പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്".

ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ലൈംഗികാതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് ധ്യാന്‍ നടത്തിയതെന്നാണ് പ്രധാന വിമര്‍ശനം. മലയാള സിനിമയിലെ നിരവധി നടിമാര്‍ പരസ്യമായും ഹേമ കമ്മീഷന് മുന്‍പിലും തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെയാണ് മലയാള സിനിമയില്‍ ഏറ്റവും അവസാനമായി മീ ടൂ പരാതി ഉയര്‍ന്നത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News