കുറുപ്പിന്റെ പ്രദർശനാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; ആഗോള ബിസിനസ് 112കോടി
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റുമാണ് ചിത്രം നിർമിച്ചത്
ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിന്റെ പ്രദർശനാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്പനി. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി വൻ തുക കമ്പനി നൽകിയതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റുമാണ് ചിത്രം നിർമിച്ചത്. ഇരു നിർമാണ കമ്പനികളുമായി സീ കരാറിൽ ഒപ്പിട്ടു.
35 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റർ, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്സ് ഉൾപ്പെടെയാണ് ചിത്രം വൻ തുകയാണ് നേടിയത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത് വാർത്തയായിരുന്നു.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിൻ കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കഴിഞ്ഞ വർഷം നവംബർ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം നെറ്റ്ഫ്ളിക്സിലും സ്ട്രീം ചെയ്തിരുന്നു.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.