വീട്ടിൽ നിന്ന് വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ ഒഴിവാക്കാം...

വ്യായാമം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ചിലപ്പോൾ മാരകമായ പരിക്കുകൾക്കും കാരണമാകാറുണ്ട്

Update: 2023-09-05 14:10 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡ് മഹാമാരിക്കാലത്ത് പുറത്തിറങ്ങാൻ പറ്റാതായതോടെയാണ് പലരും വീട്ടിൽ നിന്നുതന്നെ വ്യായാമം ചെയ്യാൻ ആരംഭിച്ചത്. സൗകര്യപ്രദമാണെന്നതിന് പുറമെ ചെലവ് കുറഞ്ഞതാണെന്നുമാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. എന്നാൽ കൃത്യമായ മേൽനോട്ടമില്ലാതെ വ്യായാമങ്ങൾ ചെയ്യുമ്പോൾ ധാരാളം അബദ്ധങ്ങളും സംഭവിക്കാം. ഇത് ചിലപ്പോൾ മാരകമായ പരിക്കുകൾക്കും കാരണമാകും. പേശീവേദന, കാൽമുട്ട് അല്ലെങ്കിൽ സന്ധി വേദന പോലുള്ളവക്കും ഇവ കാരണമാകും. വീട്ടിൽ നിന്ന് വർക്കൗട്ട് ചെയ്യുമ്പോൾ അബദ്ധങ്ങൾ സംഭവിക്കുന്നത് എങ്ങനെ തടയാമെന്ന് നോക്കാം...

വാം അപ്പ് ചെയ്യാൻ മറക്കരുത്

വാം അപ് ചെയ്യാതെ വീട്ടിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴാണ് പലപ്പോഴും പരിക്കുകൾ സംഭവിക്കുന്നതെന്നാണ് ജിം പരിശീലകർ പറയുന്നത്.വ്യായാമം ചെയ്യുന്ന സമയത്തിന്റെ 25 മുതൽ 30 ശതമാനം വരെ വാം അപിനായി നീക്കിവയ്ക്കണം. നിങ്ങളുടെ വ്യായാമ സമയം ഒരു മണിക്കൂർ ആണെങ്കിൽ 15-20 മിനിറ്റ് വാം-അപ്പിനായി നീക്കിവെക്കണം. നിങ്ങൾ വാം-അപ്പ് ചെയ്തില്ലെങ്കിൽ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണ പരിക്കുകൾ ഗുരുതരമാകാനും കടുത്ത വേദനക്കും കാരണമായേക്കും.

ഒരേ വ്യായാമം ആവര്‍ത്തിക്കുക

പരിശീലകന്റെ മേൽനോട്ടമില്ലാതെ വീട്ടിൽ നിന്ന് വർക്ക് ഔട്ടുകൾ ചെയ്യുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. ഒരേ വ്യായാമം കുറേ നേരം ആവർത്തിക്കുന്നതും അതെല്ല, നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭാരം ഉയർത്തുകയോ തെറ്റായ ദിശയിലേക്ക് വ്യായാമം ചെയ്യുന്നതുമെല്ലാം പലപ്പോഴും പരിക്കുകൾക്ക് കാരണമാകും. ഏത് വ്യായാമമുറ പരിശീലിക്കുമ്പോഴും വിദഗ്ധരായവരുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ചെയ്യുക. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. ഒരേ വ്യായാമം സ്ഥിരമായി ചെയ്യുന്നത് ടെൻഡോണൈറ്റിസ് അല്ലെങ്കിൽ ഷിൻ സ്പ്ലിന്റ് പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. ഓരോ വർക്ക്ഔട്ടിലും നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ ഗുണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്വന്തം ആരോഗ്യത്തെക്കുറിച്ച് അവബോധമില്ലായ്മ

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് നമ്മുടെ ആരോഗ്യാവസ്ഥയെ അനുസരിച്ച് കൂടിയായിരിക്കണം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം, വൃക്കരോഗം അല്ലെങ്കിൽ കാൻസർ തുടങ്ങിയ രോഗങ്ങൾ ഇപ്പോഴോ മുമ്പോ ഉണ്ടായിരുന്നവരാണെങ്കിൽ വീട്ടിൽ നിന്ന് വർക്ക് ഔട്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. തെറ്റായ വ്യായാമമുറകൾ പരിശീലിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് എന്തെങ്കിലും രോഗങ്ങളുള്ളവരാണെങ്കിൽ വീട്ടിൽനിന്ന് വ്യായാമം ചെയ്യുമ്പോൾ കൃത്യമായ നിർദേശങ്ങൾ തേടുക.

മസിലുകൾ, ലിഗമെന്റ് എന്നിവക്കാണ് സാധാരണ വ്യായാമങ്ങളിലെ അശ്രദ്ധമൂലം പരിക്കുകൾ സംഭവിക്കാറുള്ളത്. ചിലർക്കാവട്ടെ, ഒടിവുകൾ,ചതവുകൾ തുടങ്ങിയ പരിക്കുകളും സംഭവിക്കാറുണ്ട്.

വ്യായാമം ചെയ്യുന്ന സ്ഥലവും പ്രധാനം

വർക്ക്ഔട്ട് ചെയ്യാൻ മതിയായ സ്ഥലവും വെന്റിലേഷനും ഉള്ള മുറി തെരഞ്ഞെടുക്കമെന്നാണ് വിദഗ്ദ്ധർ ശിപാർശ ചെയ്യുന്നത്. കൈകൾ വിടർത്തി 360 ഡിഗ്രി തിരിക്കുമ്പോൾ സ്ഥലമുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യായാമം ചെയ്യുന്ന നിലം നനഞ്ഞതോ നനഞ്ഞതോ അല്ലെന്ന് ഉറപ്പാക്കണം.

ഉപകരണങ്ങളുടെ നിലവാരം

വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഗുരുതരമായ പരിക്കുകളിലേക്ക് നയിച്ചേക്കാം. ഗുണനിലവാരമുള്ള ഉപകരണങ്ങൾ വ്യായാമത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും കൂടുതൽ വേഗത്തിൽ മികച്ച ഫലങ്ങൾ കിട്ടാനും സഹായിക്കും. തറയിൽ ഇരുന്നോ കിടന്നോ ചെയ്യുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ യോഗ മാറ്റ് ഉപയോഗിക്കുക.

വിശ്രമം നൽകുക

വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുക. ഇത് നിങ്ങളെ കൂടുതൽ ഊർജസ്വലമാക്കാൻ സഹായിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News