ജിം സപ്ലിമെന്റുകൾ അമിതമായി കഴിച്ച 22 കാരൻ അത്യാസന്നനിലയിൽ; മുന്നറിയിപ്പുമായി ഡോക്ടർമാർ

ജിം സപ്ലിമെന്റുകളുടെ അമിത ഉപയോഗം മസ്തിഷ്‌കം പ്രവർത്തനരഹിതമാക്കുകയും സ്ഥിരമായ വൈകല്യത്തിനും കാരണമായേക്കാം

Update: 2023-02-20 06:55 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: വ്യായാമത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ യുവാക്കൾ. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നവരും ഏറെയാണ്. എന്നാൽ പെട്ടന്ന് ഫലം ലഭിക്കുന്നതിന് വേണ്ടി പ്രോട്ടീൻ പൗഡറും ജിം സപ്ലിമെന്റുകളും ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ പ്രോട്ടീൻ പൗഡറും ജിം സപ്ലിമെന്റുകളും അമിതമായി ഉപയോഗിച്ചതിനെ തുടർന്ന്‌ ഡൽഹിയിൽ 22 കാരരെ അത്യാസന്നനിലയിലായി.  യുവാവിനെ ഓക്സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായതിനെ തുടർന്നാണ് ഡൽഹിയിലെ പിഎസ്ആർഐ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഓക്സിജന്റെ അളവ് തീരെ കുറവായതിനാൽ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 'ടോക്സിക് എൻസെഫലോപ്പതി'യാണ് യുവാവിനെന്ന് കണ്ടെത്തി. മസ്തിഷ്‌കം പ്രവർത്തനരഹിതമാക്കുകയും സ്ഥിരമായ വൈകല്യത്തിന് പോലും കാരണമായേക്കാവുന്ന രോഗാവസ്ഥയായിരുന്നു യുവാവിനെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ക്രിയാറ്റിൻ ഫോസ്‌ഫോകിനേസ് പോലുള്ള ഉയർന്ന അളവിലുള്ള പേശി എൻസൈമുകൾ ശരീരത്തിലെത്തിയതിനെ തുടർന്നുണ്ടായ പ്രശ്‌നമായിരുന്നു യുവാവിന് സംഭവിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

രോഗിക്ക് കാൽസ്യം അളവ് കുറവാണെന്ന് കണ്ടെത്തി. ഇതും രോഗാവസ്ഥ മോശമാക്കാൻ കാരണമായെന്നു ഡോക്ടർമാർ പറയുന്നു. പേശികൾക്ക് തകരാർ ഉണ്ടാക്കുന്നതിന് പുറമെ ഹൃദയാഘാതത്തിനും ബോധം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. ഇത്തരം ജിം സപ്ലിമെന്‍റുകള്‍ കഴിക്കുന്നവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജിം സപ്ലിമെന്റുകളുടെ അമിത ഉപയോഗത്തിന്റെ പാർശ്വഫലങ്ങൾ

തലവേദന

ഉത്കണ്ഠ

നെഞ്ച് വേദന

ഉയർന്ന രക്തസമ്മർദ്ദം

മലബന്ധം


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News