എനിക്ക് ആ മെഡല്‍ വേണ്ട; ക്രൊയേഷ്യന്‍ താരം ലോകകപ്പ് വെള്ളി മെഡല്‍ നിരസിക്കാനുള്ള കാരണമിതാണ്...

എന്നാല്‍ ആ മെഡല്‍ നിരസിച്ചുകൊണ്ട് കലിനിച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘’ മെഡല്‍ തരാനുള്ള മനസിന് നന്ദി. പക്ഷേ ഞാന്‍ റഷ്യയില്‍ കളിച്ചിട്ടില്ല’’. 

Update: 2018-07-21 11:19 GMT
Advertising

റഷ്യന്‍ ലോകകപ്പിന്‍റെ തുടക്കം മുതല്‍ നിക്കോള കലിനിച് എന്ന ക്രൊയേഷ്യന്‍ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അത് കളത്തിലിറങ്ങി കളിച്ചതിന്‍റെ പേരിലായിരുന്നില്ല. കളിക്കാത്തതിന്‍റെ പേരിലായിരുന്നു ആ പുകിലുകളൊക്കെയും.

പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും പിന്നിട്ട് ക്രൊയേഷ്യ ഫൈനലില്‍ എത്തിയപ്പോള്‍ നഷ്ടബോധം മൂലം ഉറക്കം പോയത് കലിനിചിനായിരിക്കും. ക്രൊയേഷ്യയുടെ ആദ്യ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കലിനിച്ചിനെ പരിശീലകന്‍ സ്വന്തം നാട്ടിലേക്ക് വിമാനം കയറ്റിവിട്ടിരുന്നു. ഇതോടെ പിന്നീടങ്ങോട്ടുള്ള ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളൊക്കെയും കലിനിച് ടെലിവിഷനിലിരുന്ന് കണ്ടു. എന്നാലും കടലാസില്‍ കലിനിച് ക്രൊയേഷ്യന്‍ നിരയിലെ താരമായിരുന്നു.

അതുകൊണ്ട് തന്നെ ലോകകപ്പ് റണ്ണേഴ്‍സപ്പായപ്പോള്‍ കലിനിചിനെ തേടി വെള്ളി മെഡലുമെത്തി. എന്നാല്‍ തനിക്ക് ആ മെഡല്‍ വേണ്ടെന്ന് കലിനിച്ച് തീര്‍ത്തുപറഞ്ഞു. തനിക്ക് ആ മെഡല്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്ന് കലിനിച്ച് വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ ഒരു മിനിറ്റ് പോലും കലിനിച് കളിച്ചില്ലെങ്കിലും കൂടെയുള്ളവനെ മറക്കാത്തവരായിരുന്നു ക്രൊയേഷ്യന്‍ ടീം. കലിനിചിനും വെള്ളി മെഡല്‍ സമ്മാനിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആ മെഡല്‍ നിരസിച്ചുകൊണ്ട് കലിനിച് പറഞ്ഞത് ഇങ്ങനെയായിരുന്നു: '' മെഡല്‍ തരാനുള്ള മനസിന് നന്ദി. പക്ഷേ ഞാന്‍ റഷ്യയില്‍ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഈ മെഡലിന് അര്‍ഹതയില്ല''. കലിനിചില്ലാതെ ക്രോയേഷ്യ ഫൈനലിൽ എത്തിയതോടെ താരത്തെ കളിയാക്കി ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു സോഷ്യല്‍മീഡിയയില്‍ തരംഗമായത്.

Tags:    

Similar News