കരാർ പുതുക്കാത്തതിൽ ഇടഞ്ഞ് സലാഹ്; ലിവർപൂൾ മാനേജ്‌മെന്റിനെതിരെ രംഗത്ത്
പ്രീമിയർലീഗ് സീസണിൽ ഇതുവരെ പത്തു ഗോളും ആറ് അസിസ്റ്റുമായി തകർപ്പൻ ഫോമിലാണ് താരം
ലണ്ടൻ: കരാർ പുതുക്കാത്ത മാനേജ്‌മെന്റ് നടപടിയിൽ പരസ്യ വിമർശനവുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹ്. ടീമിലുണ്ടായിട്ടും താൻ ടീമിലില്ലാത്തവനെപോലെയാണെന്ന് താരം തുറന്നടിച്ചു. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഈജിപ്ഷ്യൻ ഫോർവേഡുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്ക് ഇതുവരെ മാനേജ്‌മെന്റ് തയാറായില്ല. ഇതോടെയാണ് വാർത്താസമ്മേളനത്തിൽ പരസ്യമായി താരം പ്രതികരണം നടത്തിയത്.
ഗോൾനേട്ടത്തിൽ പ്രീമിയർലീഗിൽ എർലിങ് ഹാളണ്ടിന് താഴെ രണ്ടാമതാണ്. ഇന്നലെ സതാംപ്ടണെതിരായ മത്സരത്തിൽ ഇരട്ടഗോളുമായി താരം തിളങ്ങിയിരുന്നു. കരാർ പുതുക്കാത്തതിൽ നിരാശയുണ്ടോയെന്ന ചോദ്യത്തിന് അതേയെന്നായിരുന്നു താരത്തിന്റെ മറുപടി. ''ഞാൻ ഉടനെ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല. ഫുട്‌ബോളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രീമിയർലീഗും ചാമ്പ്യൻസ് ലീഗും നേടുകയാണ് ലക്ഷ്യം. എന്നാൽ ഞാനിപ്പോൾ നിരാശനാണ്''- താരം പറഞ്ഞു.
2017ലാണ് എഎസ് റോമയിൽ നിന്ന് സലാഹ് ലിവർപൂളിലെത്തുന്നത്. തുടർന്ന് ഓരോ സീസണിലും ഗോളടിച്ച് കൂട്ടിയ താരം ക്ലബിന്റെ എക്കാലത്തേയും ഗോൾവേട്ടക്കാരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. സലാഹിന് പുറമെ ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻഡെക്, ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് എന്നിവരുടെ കരാറും ഈ സീസണോടെ അവസാനിക്കും. ഈ സീസണിൽ ഇതുവരെ 10 ഗോൾ നേടിയ 32 കാരൻ ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.