‘പീഡന ആരോപണം ബാധിച്ചു, റയല്‍ വിട്ടതിന് പിന്നില്‍ പണമോ സിദാനോ അല്ല’ റൊണാള്‍ഡോ
“അമ്മയുടേയും സഹോദരിമാരുടേയും പ്രതികരണമാണ് തളര്‍ത്തിക്കളഞ്ഞത്. ആരോപണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദേഷ്യത്തിലുമായിരുന്നു അവര്‍. എന്റെ ജീവിതത്തില്‍ ആദ്യമായാണ് അവരെ അത്തരമൊരു അവസ്ഥയില്‍ കണ്ടത്’’
റയല്‍ മാഡ്രിഡ് വിടാനുണ്ടായ കാരണവും തനിക്ക് നേരെ ഉയര്‍ന്നുവന്ന ലൈംഗിക പീഡന ആരോപണം എങ്ങനെ ജീവിതത്തെ ബാധിച്ചെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നിലപാടുകളാണ് ക്ലബ് വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. 'കച്ചവട ബന്ധം മാത്രമാണ് പെരസിന് എന്നോടുണ്ടായിരുന്നത്. അതെനിക്കറിയാം. അദ്ദേഹത്തിന്റെ വാക്കുകളൊന്നും ഉള്ളില്‍ നിന്നുള്ളതായിരുന്നില്ല. ആദ്യ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം റയല്‍ മാഡ്രിഡിന് അവിഭാജ്യഘടകമല്ല ഞാനെന്ന തോന്നല്‍ അവര്‍ തന്നെ ഉണ്ടാക്കി. അതാണ് ക്ലബ് വിടാനുള്ള പ്രധാന കാരണമായത്' റൊണാള്‍ഡോ പറയുന്നു.
'പലപ്പോഴും മാധ്യമങ്ങളില്‍ ഞാന്‍ റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ക്ലബ് വിടാനുള്ള തോന്നലുണ്ടായപ്പോഴും പെരസ് എനിക്കുവേണ്ടി വാദിക്കില്ലെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പായിരുന്നു' - റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസുമായുള്ള മോശം ബന്ധത്തെക്കുറിച്ച് റൊണാള്‍ഡോ തുറന്നു പറഞ്ഞു.
ലൈംഗികപീഡന ആരോപണം ബാധിച്ചെങ്കിലും അതിനെ മറികടക്കാനാകുമെന്ന ആത്മവിശ്വാസവും ക്രിസ്റ്റ്യാനോ പ്രകടിപ്പിച്ചു. അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് 2009ല്‍ ക്രിസ്റ്റിയാനോ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കാതറിന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
'ആ ആരോപണം എന്റെ ജീവിതത്തെ ബാധിച്ചെന്നത് സത്യമാണ്. എനിക്കൊരു പങ്കാളിയും നാല് മക്കളും അമ്മയും സഹോദരങ്ങളുമുണ്ട്. കുടുംബത്തിന് എന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആരോപണം ഉണ്ടായപ്പോള്‍ എന്റെ പങ്കാളിയോട് എല്ലാക്കാര്യവും ഞാന്‍ തുറന്നു പറഞ്ഞു. മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാറായിട്ടില്ല.
അമ്മയുടേയും സഹോദരിമാരുടേയും പ്രതികരണമാണ് തളര്‍ത്തിക്കളഞ്ഞത്. ആരോപണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദേഷ്യത്തിലുമായിരുന്നു അവര്‍. എന്റെ ജീവിതത്തില്‍ ആദ്യമായാണ് അവരെ അത്തരമൊരു അവസ്ഥയില്‍ കണ്ടത്' എന്നും റൊണാള്‍ഡോ പറയുന്നു.
ये à¤à¥€ पà¥�ें- ലൈംഗികാരോപണത്തിന് പിന്നാലെ പോർച്ചുഗൽ ടീമിൽ നിന്നും പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ये à¤à¥€ पà¥�ें- വീണ്ടും റൊണാള്‍ഡോ; ശ്രദ്ധേയമായി ആ ഗോള്‍
കഴിഞ്ഞ ജൂലൈയില്‍ 100 ദശലക്ഷം യൂറോക്കാണ് ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാറുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ റൊണാള്‍ഡോയുടെ വരവോടെ തോല്‍വിയറിയാതെ കുതിക്കുകയാണ് യുവന്റസ്. പത്തുകളികളില്‍ നിന്ന് ഏഴ് ഗോളുകള്‍ ക്രിസ്റ്റിയാനോ നേടിക്കഴിഞ്ഞു. മറുവശത്ത് റൊണാള്‍ഡോയുടെ കുറവ് നികത്താന്‍ പെടാപാട് പെടുകയാണ് റയല്‍ മാഡ്രിഡ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ അവര്‍ നിലവില്‍ ലാ ലിഗയില്‍ ഒമ്പതാം സ്ഥാനത്താണ്. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റയല്‍ പരിശീലകന്‍ ലൊപെറ്റെഗുയിയുടെ സ്ഥാനം തെറിച്ചത്.
സിദാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതല്ല റയല്‍ മാഡ്രിഡ് വിടാന്‍ പ്രേരിപ്പിച്ചത്. അത് ചെറിയ കാരണങ്ങളിലൊന്ന് മാത്രമായിരുന്നു. പണവും എന്നെ ആകര്‍ഷിച്ചിട്ടില്ല. കൂടുതല്‍ പണത്തിന് വേണ്ടിയായിരുന്നെങ്കില്‍ ചൈനയിലേക്ക് പോകാമായിരുന്നു. യുവന്റസ് നല്‍കുന്നതിന്റെ അഞ്ചിരട്ടി പണം അവര്‍ തരുമായിരുന്നു. യുവന്റസിന് എന്നെ ആവശ്യമുണ്ടെന്ന തിരിച്ചറിവാണ് ആ ക്ലബ് തെരഞ്ഞെടുത്തതിന് പിന്നില്‍- റൊണാള്‍ഡോ പറയുന്നു.