ദേശീയ ഗാനത്തെ ഇമ്പോസിഷനാക്കരുത്

Update: 2016-12-13 02:17 GMT
Editor : Damodaran
ദേശീയ ഗാനത്തെ ഇമ്പോസിഷനാക്കരുത്
Advertising

 പ്രായോഗികതയ്ക്കും  മുകളിലാണ്  നിർബന്ധിത  രാജ്യസ്നേഹത്തിന്റെ തിട്ടൂരങ്ങൾ.  നിർബന്ധിക്കപ്പെടുമ്പോൾ  നിരവീര്യമാകുന്നതിനെയല്ലേ  നാം   സ്നേഹം  എന്ന്  വിളിക്കുക.  ഇംപോസിഷൻ  ചൊല്ലിപ്പഠിച്ച  കവിതകൾ  ഇപ്പോൾ  നമ്മുടെ  ഹൃദയത്തിൽ  പാടാറില്ലല്ലോ?

ദേശീയ ഗാനത്തിന്റെ രചയിതാവ് തന്നെ ദേശീയതയുടെ വിമര്‍ശകനായ ചരിത്രം മറന്നു കൊണ്ടാണ് സിനിമാകൊട്ടകയിലെ ദേശീയ ഗാന പ്രദര്‍ശനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിന്‍മേല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ശ്യാം നാരായണ്‍ ചക്‌സി യുടെ ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ ലക്ഷ്യം രാജ്യസ്‌നേഹത്തിന്റെ ഉള്‍ച്ചേര്‍ക്കലാണന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതാകട്ടെ വൈയക്തിക അവകാശത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ നിഷേധിച്ചു കൊണ്ടുമാണ്. ഇവിടെയാണ് ആകാശത്തോളം സ്വാതന്ത്ര്യത്തിലേക്കു വളരുന്ന മനസ്സിനെ മുന്‍നിര്‍ത്തി വിശ്വമാനവികതയെ രാജ്യസ്‌നേഹത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ആത്മീയ അഭയമായി ടാഗോര്‍ നിര്‍വ്വചിക്കുന്നത്. മാനവികതയ്ക്കു മുകളില്‍ രാജ്യസ്‌നേഹത്തെ വിജയിക്കാന്‍ ഒരിക്കലും താന്‍ അനുവദിക്കില്ല എന്ന് തന്റെ സുഹൃത്തായ ബോസിന് ടാഗോര്‍ എഴുതുന്നത് 1908 ലാണ്. ജനഗണമണ എഴുതുന്നതിനും ജോര്‍ജ് അഞ്ചാമന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി രചിക്കപ്പെട്ടതാണന്ന വിവാദത്തിനും മൂന്നു വര്‍ഷം മുന്‍പ്.

സുപ്രീം കോടതിയുടെ ഈ വിധിയുടെ ഇപ്പോഴത്തെ പ്രായോഗികമായ പ്രശ്‌നം അതിന്റെ നടപ്പാക്കലിലാണ്. കല്‍ക്കട്ടയില്‍ ബ്രിഗേഡ് എന്ന പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയ ഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്നില്ല എന്നും തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തില്‍ ചില ഡെലിഗേറ്റുകള്‍ ദേശീയ ഗാനപ്രദര്‍ശന വേളയില്‍ ഇരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ബ്രിഗേഡ് എന്ന സിനിമയുടെ പ്രദര്‍ശനത്തില്‍ ദേശ സ്‌നേഹം അഭിലഷണീയമാക്കുന്ന സന്ദര്‍ഭമില്ലായിരുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഉദ്ധൃത കാമനകളെ എങ്ങണ ദേശ സ്‌നേഹത്തിന്റെ കൊടിമരം. വച്ച് മെരുക്കി യെടുക്കും എന്നതും പ്രശ്‌നമാണ്. ചലച്ചിത്രോല്‍സവത്തിലെ അഞ്ചു ഷോകളിലായി അതും ദേശീയതയുടെ വരമ്പുകള്‍ ഭേദിക്കുന്ന ചലച്ചിത്ര ഭാവനയുടെ സ്വതന്ത്ര ലോകത്ത് നാലു മിനിട്ട് ഇരുപത് സെക്കന്റ് സമയം ഒരു പ്രേക്ഷകന്‍ നിന്ന് ദേശക്കുറ് തെളിയിക്കണം എന്നതും വിഷയമാണ്.

നിലവില്‍ സ്‌റ്റേറ്റിന്റെ ഒരു ഏജന്‍സിക്കും ഇതു ഉറപ്പാക്കാനാവശ്യമായ നിയമത്തിന്റെ പിന്തുണ ഇല്ല എന്നതാണ് രസകരമായ വസ്തുത. സ്വരണ്‍ സിംഗ് കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 1976ലെ നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ ഭരണലടനയുടെ പാര്‍ട്ട് നാല് എയില്‍ അമ്പത്തിഒന്ന് എ ആര്‍ട്ടിക്കിളിലാണ് മൗലിക ധര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 2005 ല്‍ ഭേദഗതി വരുത്തിയ 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് രണ്ടാം സെക്ഷനില്‍ ദേശീയ പതാകയെക്കുറിച്ച് വിശദമായി പരാമര്‍ശിച്ച ശേഷം മൂന്നാം സെക്ഷനില്‍ ദേശീയ ഗാനാലപനത്തെ മനപൂര്‍വം തടസ്സപ്പെടുത്തുകയോ അത്തരം ഗാനാലാപന സദസ്സില്‍ ശല്യം സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വര്‍ഷം വരെ തടവോ , പിഴയോ രണ്ടും കൂടിയോ വിധിക്കുക മാത്രമേ ചെയ്യുന്നുള്ളു. നിലവില്‍ ഹോം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉള്ള ദേശീയ ഗാനത്തെ സംബന്ധിച്ചുള്ള ഉത്തരവുകളില്‍ അമ്പത്തിരണ്ടു സെക്കന്റ് ദൈര്‍ഘുമുള്ള മുഴുവന്‍ ഗാനീ ആലപിക്കേണ്ട 9 വിശേഷ അവസരങ്ങളില്‍ വിനോദ ശാലകള്‍ ഉള്‍പ്പെടുന്നുമില്ല.

20 സെക്കന്റ് ആലാപനദൈര്‍ഘ്യമുള്ള ഭാഗം എവിടെയൊക്കെ എന്നും ഈ ഉത്തരവ് വ്യക്ത്മാക്കുന്നുണ്ട്. 1986 ലെ ബിജോയ് ഇമ്മാനുവേല്‍ കേസില്‍ മൗലികാവകാശത്തെ (ആര്‍ട്ടിക്കിള്‍ 19.1 ഉം 25.1) ഉയര്‍ത്തിപ്പിടിച്ച് ദേശീയ ഗാനാലാപന വേളയില്‍ നിശബ്ദമായ സാന്നിദ്ധ്യീ വിലക്കപ്പെടേണ്ടതില്ല എന്നു വിധിച്ചതും സുപ്രീം കോടതിയാണ്. സഹിഷ്ണുതയുടെ സൗന്ദര്യവും നിശബ്ദതയുടെ ആഴവും അളന്ന് കുറിച്ച ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡിയുടെ വിധിക്ക് തിളക്കമേറെയായിരുന്നു. ന്യൂസ് റീലുകളുടെ ഇടയിലും സിനിമാ ഭാഗങ്ങളിലും ഉള്ള ദേശീയ ഗാനാലാപന വേളയില്‍ പ്രേക്ഷകര്‍ അറ്റന്‍ഷനില്‍ നില്‍ക്കേണ്ടതില്ലെന്ന ഹോം മിനിസ്ട്രി ഉത്തരവ് അസാധുവാക്കിയാണ് ശ്യാം നാരായണ്‍ ചക്‌സിയുടെ ഹര്‍ജിയിന്‍ മേലുള്ള വിധി. അതാകട്ടെ 2002ലെ ഫ്‌ലാഗ് കോഡ് പോലെ വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങളുടെ അഭാവത്തിലുമാണ് എന്നതാണ് ഈ വിധിയുടെ പ്രായോഗിക അസൈൗകര്യം. പ്രായോഗികതയ്ക്കും മുകളിലാണ് നിര്‍ബന്ധിത രാജ്യസ്‌നേഹത്തിന്റെ തിട്ടൂരങ്ങള്‍. നിര്‍ബന്ധിക്കപ്പെടുമ്പോള്‍ നിരവീര്യമാകുന്നതിനെയല്ലേ നാം സ്‌നേഹം എന്ന് വിളിക്കുക. ഇംപോസിഷന്‍ ചൊല്ലിപ്പഠിച്ച കവിതകള്‍ ഇപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ പാടാറില്ലല്ലോ?

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News