കണ്ണൂരില്‍ ചോര വീഴ്‍ത്തുന്നവരേ... നിങ്ങള്‍ എന്ത് നേടി ?
എന്നാൽ, കണ്ണൂർ പഴയ കണ്ണൂരല്ല, രാഷ്ട്രീയ എതിരാളിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുമ്പോൾ കൈ വിറക്കാത്ത, ബോംബും വടിവാളും ഉപയോഗിച്ച് മനുഷ്യനെ വക വരുത്താൻ മടിയില്ലാത്ത ഒരു ന്യൂനപക്ഷം ഈ നാടിനെ ചോരയിൽ മുക്കിയെടുത്തിരിക്കുന്നു.
കണ്ണൂര്‍...അറക്കലിന്റെയും ചിറക്കലിന്റെയും പാരമ്പര്യം പേറുന്ന നാട്. തെയ്യങ്ങളും അങ്കച്ചേകവന്മാരും എണ്ണമറ്റ കർഷക സമരങ്ങളില്‍ ജീവത്യാഗം ചെയ്ത കർഷക തൊഴിലാളികളുടെ ഓർമ്മകളും നിറഞ്ഞ് നിൽക്കുന്ന ഭൂപ്രദേശം. ഒരു കാലത്ത് ഇവിടെ നിന്നുയർന്ന പ്രതിഷേധവും പ്രതിരോധവും അവരുടെ രാഷ്ട്രീയ- സാമൂഹ്യ ബോധത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിഫലനങ്ങളായിരുന്നു. ജാതി വ്യവസ്ഥക്കെതിരെ പോരടിച്ച, ജന്മിമാരുടെ പത്തായങ്ങളില്‍നിന്ന് നെല്ല് പിടിച്ചെടുത്ത് പാവങ്ങൾക്ക് വിശപ്പടക്കാന്‍ നൽകിയ മുന്‍ഗാമികൾ പകർന്ന് നൽകിയ ബോധവും ബോധ്യവുമായിരുന്നു അവരുടെ ഉൾക്കരുത്ത്.
എന്നാൽ, കണ്ണൂർ പഴയ കണ്ണൂരല്ല, രാഷ്ട്രീയ എതിരാളിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുമ്പോൾ കൈ വിറക്കാത്ത, ബോംബും വടിവാളും ഉപയോഗിച്ച് മനുഷ്യനെ വക വരുത്താൻ മടിയില്ലാത്ത ഒരു ന്യൂനപക്ഷം ഈ നാടിനെ ചോരയിൽ മുക്കിയെടുത്തിരിക്കുന്നു. ഭീതി നിറഞ്ഞ ഒരു നിശ്വാസത്തോടെയല്ലാതെ കണ്ണൂരെന്ന പേരുച്ചരിക്കാൻ ഇന്ന് മറുനാട്ടുകാർക്കാവില്ല. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ 225 മനുഷ്യ ജീവനുകളാണ് രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ കണ്ണൂരിന്റെ മണ്ണിൽ പൊലിഞ്ഞ് വീണത്. എന്തുകൊണ്ട് കണ്ണൂരിൽ മാത്രം ഇങ്ങനെ എന്ന ചോദ്യത്തിന് രാഷ്ട്രീയവും ജാതീയവും ചരിത്രപരവുമായ നിരവധി കാരണങ്ങളാണ് ഉത്തരമായി ലഭിക്കുക.
50കളില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളാണ് കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് തുടക്കമിട്ടത്. പിന്നീട് പിഎസ്‍പി പ്രവര്‍ത്തകര്‍ ജനസംഘത്തിലേക്ക് മാറിയതോടെ എറ്റുമുട്ടലുകള്‍ കമ്യൂണിസ്റ്റുകളും ജനസംഘവും തമ്മിലായി. മംഗലാപുരത്തെ ജനസംഘബന്ധമുള്ള ഗണേഷ് ബീഡിയുടെ തൊഴിലാളികളും അവര്‍ പിരിച്ചു വിട്ട കമ്യൂണിസ്റ്റ് തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലായി പിന്നീടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി 1969 ഏപ്രില്‍ വാടിക്കല്‍ രാമകൃഷ്ണനെ കമ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയപ്പോള്‍ കേരളമറിഞ്ഞില്ല അത് അവസാനിക്കാത്ത ഒരു പരമ്പരയുടെ ആദ്യ സംഭവമാകുമെന്ന്.
പിണറായി വിജയനെ ഈ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും പിന്നിട് നീക്കുകയായിരുന്നു. 70കളിലെ തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ യുകെ കുഞ്ഞിരാമനാണ് ജില്ലയിലെ സിപിഎമ്മിന്റെ ആദ്യ രക്തസാക്ഷി. 70കളുടെ ഒടുക്കത്തോടെ മമ്പറം ദിവാകരനും 80 കളില്‍ കെ സുധാകരനും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിലെത്തിയതോടെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. 90കളില്‍വിണ്ടും സിപിഎമ്മും ആര്‍എസ്‌എസും തമ്മിലായി ഏറ്റുമുട്ടലുകള്‍. ഇക്കാലത്ത് കൊലക്കത്തി നേതാക്കളെയും ഉന്നമിട്ടു തുടങ്ങി. പി ജയരാജനും ഇപി ജയരാജനും മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ സിപിഎം നേതാവ് കെവി സുധീഷിനെയും യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍മാസ്റ്ററേയും രാഷ്ട്രീയ എതിരാളികൾ അതിദാരുണമായി കൊലപ്പെടുത്തി. ജയകൃഷ്ണൻ മാസ്റ്ററെ സ്വന്തം വിദ്യാര്‍ഥികളുടെ മുന്നിലിട്ടാണ് വെട്ടി നുറുക്കിയതെങ്കിൽ, സുധീഷിനെ മാതാപിതാക്കളുടെ കണ്‍മുന്നിൽ വെച്ചായിരുന്നു അക്രമി സംഘം കൊല ചെയ്തത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇടവും നേരവും നോക്കണ്ടതില്ലെന്ന പുതിയ പാഠത്തിനും ഈ കൊലപാതകങ്ങൾ തുടക്കമിട്ടു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 10 പേരാണ് കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും മൂന്ന് പേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്. മട്ടന്നൂരില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബാണ് ഈ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇര. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പിണറായിയിൽ സിപിഎം സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ ബിജെപിയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുളള ജില്ലയിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തിന് വിത്തെറിഞ്ഞത്. തുടര്‍ന്നിങ്ങോട്ട് പത്ത് മനുഷ്യ ജീവനുകളാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായത്. ജീവനെടുത്തുളള രാഷ്ട്രീയക്കളിയില്‍ കൂടുതല്‍ നഷ്ടമുണ്ടായത് ബിജെപിക്കാണ്. അന്നൂരിലെ രാമചന്ദ്രന്‍ മുതല്‍ കണ്ണവത്ത് ശ്യാമ പ്രസാദ് വരെ ആറ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്ന് പേരാവട്ടെ സിപിഎം പ്രവര്‍ത്തകരും. കഴിഞ്ഞ തിങ്കളാഴ്ച കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബാണ് ഈ രാഷ്ട്രീയ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ രക്തസാക്ഷി. 2016 ആഗസ്ത് 20ന് കോട്ടയം പൊയിലില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ദീക്ഷിതും രാഷ്ട്രീയ കൊലപാതകത്തിന്റെ ഇര തന്നെയാണ്. കൊലപാതകങ്ങളുടെ പ്രതിപ്പട്ടികയില്‍ ഏറിയ ഭാഗവും സിപിഎം പ്രവര്‍ത്തകരാണ്. ആറ് കൊലപാതകങ്ങളിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിപ്പട്ടികയിലുളളത്. മൂന്നെണ്ണത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ഒന്നില്‍ എസ്ഡിപിഐയും പ്രതികളായി.
എന്തിന് വേണ്ടിയാണ് ഈ കൊലപാതകങ്ങൾ എന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല. ഈ ചോദ്യം തന്നെയാണ് നമ്മുടെ പൊതു സമൂഹത്തിനൊപ്പം കൊല്ലപ്പെട്ടവരുടെ ഉറ്റവരും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തോട് ചോദിക്കുന്നത്. ചോദ്യത്തിന് പക്ഷെ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന് മറുപടിയില്ല. പകരം പരസ്പരം പഴി ചാരുകയെന്ന പഴകിയ തന്ത്രം തന്നെയാണ് അവർ ഇപ്പോഴും പ്രയോഗിക്കുന്നത്. ഏത് പാർട്ടിയില്‍പെട്ടവരായാലും കണ്ണൂരിലെ രക്തസാക്ഷികൾക്ക് ഒരു പൊതു ഭാവമുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ഓരോ കൊലപാതകത്തിന് ശേഷവും അനാഥമാകുന്നത് അവരുടെ കുടുംബമാണ്. കണക്കെടുപ്പുകളും പഴി ചാരലും തുടരുമ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമാണ് പൊതു സമൂഹത്തിന് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തോട് ചോദിക്കാനുളളത്. കണ്ണൂരിന്റെ കണ്ണുനീർ എന്ന് അവസാനിക്കും..?
.................................................................
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 10 പേര്‍.
കൊല്ലപ്പെട്ട ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍
1-അന്നൂരിലെ രാമചന്ദ്രന്‍(2016 ജൂലൈ 11)
2-തില്ലങ്കേരി വിനീഷ് (2016 സെപ്തംബര്‍4)
3-പിണറായിയിലെ രമിത്ത് (2016 ഒക്ടോബര്‍12)
4-ആണ്ടല്ലൂര്‍ സന്തോഷ് (2017 ജനുവരി 18)
5-രാമന്തളി ബിജു (2017 മെയ് 13)
6-കണ്ണവത്തെ ശ്യാമ പ്രസാദ് (2018 ജനുവരി 19)
കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍
1-പിണറായിയിലെ രവീന്ദ്രന്‍ (2016 മെയ് 19)
2-പയ്യന്നൂര്‍ ധനരാജ് (2016 ജൂലൈ 11)
3-പടുവിലായി മോഹന്‍(2016 ഒക്ടോബര്‍10)
കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
1-മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് (2018 ഫെബ്രുവരി 12)