Writer - VM Afthabu Rahman
സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.
ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയിൽ ഇന്ത്യൻ സ്ഥാനപതിയെ ഒമാനും പ്രതിഷേധമറിയിച്ചു. വിഷയത്തിൽ പ്രതിഷേധവുമായി ജിസിസി കൗൺസിലും സൗദിയും ബഹ്റൈനും ഇന്ന് രംഗത്തെത്തി. ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. നടപടി ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയും അറബ് ലീഗും എത്തിയതോടെ അന്താരാഷ്ട്ര തലത്തിലേക്ക് നീങ്ങുകയാണ് പ്രതിഷേധം.
ബിജെപി നേതാക്കളായ നുപുര്‍ ശര്‍മായും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചക നിന്ദയിൽ നടപടി വേണമെന്നാണ് ജിസിസി കൗൺസിൽ സെക്രട്ടറി ജനറൽ രംഗത്തെത്തിയത്. പ്രതിഷേധവും അമർശവും രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യയോട് വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഒമാന്റെ ഫോറിൻ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരുടെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഒമാൻ ഗ്രാൻഡ് മുഫ്തിയും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.
വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്ന് ബഹ്റൈനും പറഞ്ഞു. സൗദി വിദേശ കാര്യ മന്ത്രാലയവും ഇന്ന് പുലർച്ചെ പ്രതിഷേധം അറിയിച്ചിരുന്നു. 22 രാജ്യങ്ങളുൾപ്പെടുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ്, അമ്പതോളം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി എന്നിവരും ശിക്ഷാ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡറേയും കുവൈത്ത് അംബാസിഡറേയും ഈ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു. വിവാദമായ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇരുവരും മറുപടി നൽകി. മുസ്ലിം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്നാണ് രാജ്യങ്ങളുടെ കൂട്ടായ്മയുടേയും ഗൾഫ് രാജ്യങ്ങളുടേയും ആവശ്യം. മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലപാട്.