Writer - VM Afthabu Rahman
സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.
നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം. ഇസ്രയേലിലെ മുസ്ലികൾക്ക് മക്കയിലേക്കും മദീനയിലേക്കും ചാർട്ടേഡ് വിമാനം അനുവദിക്കുന്ന കാര്യം യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് പുലർച്ചെയാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവന പുറത്തിറക്കിയത്. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന നിലയിൽ എല്ലാ വിമാനങ്ങൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകുന്നുവെന്നാണ് ഇതിൽ പറയുന്നത്. ഇതിനായി ചട്ടങ്ങൾ പാലിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇസ്രയേലിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പറന്നെത്തുന്ന യുഎസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇസ്രയേൽ വിമാനങ്ങൾക്കും സൗദി വ്യോമ പാത ഉപയോഗിക്കാനാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. മക്കയിലേക്ക് ഹജ്ജിനും ഉംറക്കുമായി ഇസ്രയേലിലുള്ള മുസ്ലിംകൾക്ക് ചാർട്ടേഡ് വിമാനം അനുവദിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
നിലവിൽ യുഎഇ, ബഹ്റൈൻ വിമാനക്കമ്പനികൾക്ക് സൗദി വ്യോമ പാത ഉപയോഗിച്ച് ഇസ്രയേലിലേക്ക് പറക്കുന്നുണ്ട്. ചൈനയും ഇന്ത്യയുമുൾപ്പെടെ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇത്തരത്തിൽ നേരിട്ട് പറക്കാൻ സാധിച്ചിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ ഇതിന് സാധിക്കുമെന്നാണ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. എന്നാൽ സൗദി ഇക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല.