മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥിക്കായി ദോഹയില്‍ പാട്ടൊരുങ്ങുന്നു
ഹൗസ് ഡ്രൈവറുടെ ജോലിക്കിടയില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനിടയിലാണ് പാര്‍ട്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിവര്‍ പണവും സമയവും ചെലവഴിക്കുന്നത്.
നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം തീര്‍ക്കാനായി തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയാണ് ഖത്തറിലെ കാസര്‍കോട്ടുകാരായ ഒരു കൂട്ടം യുവാക്കള്‍. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചരണ ഗാനങ്ങളാണ് ദോഹയിലിരുന്ന് ഇവര്‍ രചിച്ച് പാടി ചിട്ടപ്പെടുത്തിയത്.
ഖത്തറില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മഞ്ചേശ്വരം പായ്‌വളിക്ക ആസാദ് നഗറിലെ ഫാറൂഖും സുഹൃത്തുക്കളും ചേര്‍ന്ന് കിട്ടുന്ന ഒഴിവു സമയങ്ങളിലാണ് നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പാട്ടുകള്‍ രചിച്ച് പാടുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുല്‍റസാഖിന് വേണ്ടിയുള്ള ഈ പ്രചരണഗാനങ്ങള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കും. ജോലിത്തിരക്കു കാരണം അവധി കിട്ടാത്തതിന്റെ സങ്കടം തീര്‍ക്കാന്‍ കൂടിയാണ് ദോഹയിലിരുന്ന് ഫാറൂഖും കൂട്ടുകാരും പാട്ടു കെട്ടുന്നത്.
കാസര്‍ക്കോട്ടെ ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ നിന്നുള്ള മുഹമ്മദ് കുഞ്ഞിയും സാഹിറും ഖാലിദും കൂടി ചേര്‍ന്നാണ് മുസ്ലിം ലീഗിനു വേണ്ടിയുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹൗസ് ഡ്രൈവറുടെ ജോലിക്കിടയില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനിടയിലാണ് പാര്‍ട്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിവര്‍ പണവും സമയവും ചെലവഴിക്കുന്നത്.
കേരള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നെത്തിയ ഫാറൂഖിന് മലയാളം വായിക്കാനോ എഴുതാനോ അറിയില്ല എന്നാല്‍ മാപ്പിളപ്പാട്ട് ശൈലിയില്‍ ചിട്ടപ്പെടുത്തിയ ഗാനം മനോഹരമായാണ് ഇവര്‍ ആലപിക്കുന്നത്.