ജിദ്ദയിൽ മുനിസിപ്പാലിറ്റിയുടെ പരിശോധന ശക്തം; 227 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി
നഗരസഭയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി
ജിദ്ദ: ജിദ്ദയിൽ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി നഗരസഭ. ഡിസംബറിൽ നഗരസഭയ്ക്ക് കീഴിലുള്ള 22,000 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ബൂഫിയ, സലൂണുകൾ, സൂപ്പർമാർക്കറ്റുകൾ, ഉൾപ്പെടെയുള്ള 15,370 സ്ഥാപനങ്ങളിലും 7366 മറ്റ് വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതിൽ നിരവധി സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. കടുത്ത ലംഘനങ്ങൾ കണ്ടെത്തിയ 227 സ്ഥാപനങ്ങൾ അതോറിറ്റി അടച്ചുപൂട്ടുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കൾ വൃത്തിയില്ലാതെ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, ഹെൽത്ത് കാർഡ് പുതുക്കാത്തത് തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് നഗരസഭയുടെ പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 940 എന്ന ടോൾഫ്രീ നമ്പർ വഴി ഉപഭോക്താക്കൾ അധികൃതരെ അറിയിക്കണമെന്ന് നഗരസഭ നിർദ്ദേശിച്ചു.