റിയാദില്‍ പ്രവാസി സാംസ്കാരിക വേദി കലാമേള സംഘടിപ്പിച്ചു
വിവിധ വേദികളിലായി നടന്ന മത്സരങ്ങളില്‍ അറുനൂറോളം പേര്‍ പങ്കെടുത്തു
പ്രവാസ ലോകത്തെ പ്രതിഭകളുടെ സംഗമ വേദിയൊരുക്കി പ്രവാസി സാംസ്കാരിക വേദി റിയാദില്‍ കലാമേള സംഘടിപ്പിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളില്‍ അറുനൂറോളം പേര്‍ പങ്കെടുത്തു. ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമാണ് പ്രവാസി സാംസ്കാരിക വേദി കലാമത്സരങ്ങള്‍ക്ക് വേദിയൊരുക്കിയത്.
നൂര്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നാല് വേദികളിലായി നടന്ന കലാമേള റിയാദിലെ പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി. വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അറുനൂറോളം പേര്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. ലളിത ഗാനം, മാപ്പിളപ്പാട്ട്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, മോണോ ആക്ട് തുടങ്ങി വ്യക്തിഗത മത്സരങ്ങള്‍ ഏറെ മികവ് പുലര്‍ത്തി.
ഗ്രൂപ് ഡാന്‍സ്, ഒപ്പന, നാടന്‍ പാട്ട് തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും മികച്ച മത്സരമാണ് നടന്നത്. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ കലാമേളയുടെ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് സാജു ജോര്‍ജ്, ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട്, കണ്‍വീനര്‍ സലീം മാഹി തുടങ്ങിയവര്‍ സംസാരിച്ചു. മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികളെ വെള്ളിയാഴ്ച നടക്കുന്ന പ്രവാസി മഹോല്‍സവ ചടങ്ങില്‍ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മുതല്‍ അല്‍ ഹൈറിലെ അല്‍ ഒവൈദി ഫാം ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക സമ്മേളനവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും.