പ്രവാസി സംഘടനകളുടെ പരിപാടികൾക്ക് ഓഡിറ്റോറിയം വിട്ടു നൽകുന്നതിന് പുതിയ മാർഗനിർദേശം
രണ്ടാഴ്ച മുൻപ് ബുക്ക് ചെയ്യുന്ന രജിസ്ട്രേഡ് സംഘടനകൾക്ക് മാത്രമാണ് പരിപാടികൾ നടത്താൻ ഓഡിറ്റോറിയം അനുവദിക്കുക
പ്രവാസി സംഘടനകളുടെ പരിപാടികൾക്ക് ഓഡിറ്റോറിയം വിട്ടു നൽകുന്നതിന് കുവൈത്തിലെ ഇന്ത്യൻ എംബസി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു . രണ്ടാഴ്ച മുൻപ് ബുക്ക് ചെയ്യുന്ന രജിസ്ട്രേഡ് സംഘടനകൾക്ക് മാത്രമാണ് പരിപാടികൾ നടത്താൻ ഓഡിറ്റോറിയം അനുവദിക്കുക. ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ ഉള്ളത് .
കലാ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾക്കായി എംബസി ഓഡിറ്റോറിയം ആവശ്യമുള്ള സംഘടനകൾ പരിപാടിക്ക് രണ്ടാഴ്ച മുമ്പ് എംബസി ഉദ്യോഗസ്ഥരായ യശ്വന്ത് ചപ്തലിവാർ , കെ എസ് എസ് നായിഡു എന്നിവരിൽ ആരെങ്കിലുമായി ബന്ധപ്പെടേണ്ടതാണ് .97229915,65668644 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പർ. ഭക്ഷണത്തോടെയുള്ള പരിപാടിയാണെങ്കിൽ നാല് മണിക്കൂർ ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനു 350 ദിനാറാണ് വാടക .ഭക്ഷണ വിതരണം ഇല്ലെങ്കിൽ 300 ദിനാർ നൽകിയാൽ മതിയാകും . ഓഡിറ്റോറിയം അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് ഫീസ് പണമായി എംബസ്സിയിൽ അടക്കണം. ഓഡിറ്റോറിയം അനുവദിച്ച ശേഷം ബുക്ക് ചെയ്തവർ പരിപാടി റദ്ദാക്കുകയാണെങ്കിൽ ഫീസ് തിരികെ നൽകില്ല. എംബസ്സിയുടെ ഭാഗത്തു നിന്നുള്ള കാരണത്താൽ ഓഡിറ്റോറിയം ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ മുഴുവൻ പണവും തിരികെ നൽകും . 250 പേരെ ഉള്ക്കൊള്ളുന്നതാണ് എംബസി കാര്യാലയത്തിനുള്ളിലെ ഓഡിറ്റോറിയം. അംബാസഡർ സുനിൽ ജെയിൻ ചുമതലയേറ്റതു മുതലാണ് സംഘടനാ പരിപാടികൾക്ക് ഓഡിറ്റോറിയം വാടകക്ക് നല്കിത്തുടങ്ങിയത് . തുടക്കത്തിൽ 250 ദിനാർ ആയിരുന്നു നാലര മണിക്കൂർ നേരത്തേക്ക് ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനുള്ള ഫീസ്.