സംഗീതപ്രേമികള്‍ക്ക് വിരുന്നൊരുക്കി 'ഇഷ്‌ക്കേ ഈദ് 2016'
ജിദ്ദ കലാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജിദ്ദ കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ 'ഇഷ്‌ക്കേ ഈദ് 2016' എന്ന പേരില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച സംഗീത രാവ് പരിപാടി ശ്രദ്ധേയമായി. റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധരായ നിസാം തളിപ്പറമ്പ്, ശിഹാബ് പാലപ്പെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത രാവ് അരങ്ങേറിയത്.
ഷറഫിയ ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ ജിദ്ദ കലാ സമിതി സംഘടിപ്പിച്ച 'ഇഷ്‌ക്കേ ഈദ് 2016' സംഗീത രാവ് സാമൂഹ്യ പ്രവര്‍ത്തകന്‍ എ. പി. കുഞ്ഞാലി ഹാജി ഉത്ഘാടനം ചെയ്തു. സാമൂഹ്യസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന ഉണ്ണീന്‍ പുലാക്കലിനെ ചടങ്ങില്‍ ആദരിച്ചു. അബ്ദുല്‍ മജീദ് നഹ അദ്ദേഹത്തിനുള്ള മെമന്റോ കൈമാറി. ജിദ്ദ പ്രവാസികള്‍ക്ക് പെരുന്നാള്‍ വിരുന്നൊരുക്കി നാട്ടില്‍ നിന്നെത്തിയ യുവഗായകരായ നിസാം തളിപ്പറമ്പ്, ശിഹാബ് പാലപ്പെട്ടി എന്നിവര്‍ ഒരു പിടി നല്ല ഗാനങ്ങളുമായി സദസ്സിനെ കയ്യിലെടുത്തു.
ജിദ്ദ, യാമ്പു എന്നിവിടങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാരായ ഹക്കീം അരിമ്പ്ര, ജസീല്‍, സഹീര്‍, പ്രമോദ്, മായാ ശങ്കര്‍, ആഷാ ഷിജു, ഡോ. മിര്‍സാന ഷാജു, ധന്യ ബിമല്‍, ഷഹ്‌ല നാസര്‍ തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. യാസ് തിരൂരങ്ങാടി സ്വാഗതവും മുസ്തഫ കുന്നുംപുറം നന്ദിയും പറഞ്ഞു.