കുവൈത്തില്‍ പാര്‍പ്പിടകാര്യ മന്ത്രിക്കെതിരെ കുറ്റവിചാരണാ നോട്ടീസ്
പാർപ്പിടനയം നടപ്പാക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടതായും പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ച് ശുഐബ് അൽ മുവൈസിരി എംപിയാണ് പാർപ്പിട കാര്യമന്ത്രി യാസർ അബലിനെതിരെ ഗ്രില്ലിങ് നോട്ടീസ് നൽകിയത് .
കുവൈത്തിൽ പാർപ്പിടകാര്യ മന്ത്രിക്കെതിരെ കുറ്റവിചാരണാ നോട്ടീസ് . പാർപ്പിടനയം നടപ്പാക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടതായും പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ച് ശുഐബ് അൽ മുവൈസിരി എംപിയാണ് പാർപ്പിട കാര്യമന്ത്രി യാസർ അബലിനെതിരെ ഗ്രില്ലിങ് നോട്ടീസ് നൽകിയത് .
പൗരന്മാരുടെ പാർപ്പിട പ്രശ്നം കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ശുഐബ് അൽ മുവൈസിരി കുറ്റവിചാരണക്കു അനുമതി തേടി സമർപ്പിച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടി . 1993ലാണ് രാജ്യത്തു പാർപ്പിടനിയമം പാസാക്കിയത് . വീടിനു അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് മൂന്നു വർഷത്തിനുള്ളിൽ സർക്കാർ വീട് നിർമിച്ചു നൽകണമെന്ന നിയമം പാർലമെന്റ് പാസ്സാക്കി പതിനഞ്ചു വർഷം പിന്നിട്ടിട്ടും പാർപ്പിട പ്രതിസന്ധിക്കു പരിഹാരംകാണാൻ സാധിച്ചിട്ടില്ല 1,10,000 സ്വദേശികളാണ് വീടിനായി കാത്തിരിക്കുന്നത്. ഇത് രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ പകുതി വരും. വൻകിട ഭവന പദ്ധതികളുമായി ബന്ധപ്പെട്ട് മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ വൈരുധ്യമുണ്ടെന്നും ശുഐബ് അൽ മുവൈസിരി ആരോപിച്ചു . ജാബിർ അഹ്മദ് ഭവന പദ്ധതിയിൽ 600 വീടുകൾക്ക് മാത്രമാണ് കേടുപാടുള്ളത് എന്നാണ് മന്ത്രി പാർലമെന്റിൽ വിശദീകരിച്ചത്. എന്നാൽ, ഹൗസിങ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 4500 വീടുകൾ ക്കു അറ്റകുറ്റപണി ആവശ്യമായിട്ടുണ്ട് . തെറ്റായ കണക്കുകൾ നൽകി മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗ്രില്ലിങ് നോട്ടിസിൽ പറയുന്നു. കുറ്റവിചാരണ നേരിടാൻ താൻ തയാറാണെന്നും ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ടെന്നും മന്ത്രി യാസർ അബുൽ പറഞ്ഞു.മേയ് ഒമ്പതിന് ചേരുന്ന പാർലമെന്റ് യോഗത്തിൽ കുറ്റവിചാരണ പ്രമേയം പരിഗണനക്കെടുക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി.