ജിദ്ദയില്‍ ട്രാഫിക് പോലിസിനെ ആക്രമിച്ച ആഫ്രിക്കന്‍ വംശജരെ സുരക്ഷ വിഭാഗം പിടികൂടി
റോഡില്‍ മുച്ചക്ര വാഹനങ്ങള്‍ അപകടകരമാം വിധം ഓടിച്ചത് തടയാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസിനെ ആക്രമിച്ചത്
ജിദ്ദയില്‍ ട്രാഫിക് പോലിസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആഫ്രിക്കന്‍ വംശജരെ സുരക്ഷ വിഭാഗം പിടികൂടി. റോഡില്‍ മുച്ചക്ര വാഹനങ്ങള്‍ അപകടകരമാം വിധം ഓടിച്ചത് തടയാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസിനെ ആക്രമിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം ജിദ്ദ അല്‍ഹംറ ഡിസ്ട്രിക്ടിലാണ് സംഭവം. തിരക്കുള്ള റോഡിന് കുറുകെ നിയമം ലംഘിച്ച് ആഫ്രിക്കന്‍ വംശജര്‍ മുച്ചക്ര വാഹനങ്ങളോടിച്ച് ഭീതി പരത്തിയത് ട്രാഫിക് കുരുക്കിന് കാരണമായിരുന്നു.
ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് പോലിസുകാരന്‍ ആക്രമിക്കപ്പെട്ടത്. കാല്‍ മുട്ടിന് പരിക്കേറ്റ പോലിസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മക്ക ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം മക്ക മേഖല പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഈദ് അല്‍ഖര്‍നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലിസുകാരനെ ആക്രമിച്ച സിദ്ദീഖ് (25) സംഭവ സ്ഥലത്തുവെച്ച്തന്നെ പോലിസ് പിടിയിലായി.
ഇദ്ദേഹത്തില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് മറ്റുള്ളവരെ പിന്തുടരുകയും ഏതാനും പേരെ പിടികുടുകയും ചെയ്തു. സുരക്ഷ സേനയുടെ പിടിയിലായ കുറ്റവാളികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. റോഡില്‍ ആക്രമണം കഴിച്ചുവിട്ട ആഫ്രിക്കന്‍ വംശജര്‍ തൊഴില്‍ താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.