ദുബൈ നഗരത്തില്‍ പുതിയ താമസകേന്ദ്രം
എക്സ്പോ ട്വന്റി ട്വന്റി മുന്നില്‍ കണ്ടാണ് പദ്ധതി
ദുബൈ നഗരത്തില്‍ പുതിയ താമസകേന്ദ്രം കൂടി പ്രഖ്യാപിച്ചു. ഇമാര്‍ സൗത്ത് എന്ന പേരില്‍ പ്രമുഖ റിയല്‍എസ്റ്റേറ്റ് ഡെവലപ്പറായ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പദ്ധതി നടപ്പാക്കുന്നത്. എക്സ്പോ ട്വന്റി ട്വന്റി മുന്നില്‍ കണ്ടാണ് പദ്ധതി. ജബല്‍ അലിയില്‍ എക്സ്പോ 2020 വേദിക്ക് സമീപം ദുബൈ സൗത്തിലാണ് പുതിയ താമസ കേന്ദ്രം വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആല്‍ മക്തൂം വിമാനത്താവളത്തിന്റെ സാമീപ്യം കൂടി പദ്ധതിക്കുണ്ട്.
15,000ഓളം വീടുകള്‍ ഇമാര്‍ സൗത്ത് സിറ്റിയിലുണ്ടാകും. ടൗണ്‍ഹോമുകള്‍, ടൗണ്‍ഹൗസുകള്‍, വില്ലകള്‍, അപാര്‍ട്ട്മെന്റുകള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടാവുക. വൃക്ഷങ്ങള്‍ നിറഞ്ഞ നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം എന്നിവയും സജ്ജീകരിക്കും. ഗോള്‍ഫ് കോഴ്സ്, ക്ലബ് ഹൗസ്, പാര്‍ക്കുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, ത്രീസ്റ്റാര്‍- ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയും നിര്‍മിക്കും. താമസ സൗകര്യത്തിന് പുറമെ നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കുമെന്ന് ഇമാര്‍ അധികൃതര്‍ പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സിറ്റി സ്കേപ്പ് ഗ്ലോബല്‍ പ്രദര്‍ശനത്തിലും പദ്ധതിയുടെ മാതൃക അവതരിപ്പിക്കും.