ഏഷ്യൻ കപ്പ് 2027 ജനുവരി ഏഴു മുതൽ സൗദിയിൽ ആരംഭിക്കും
റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്
റിയാദ്: ഏഷ്യൻ കപ്പ് 2027 ജനുവരി ഏഴു മുതൽ ഫെബ്രുവരി അഞ്ച് വരെ സൗദിയിലെ വിവിധ നഗരങ്ങളിൽ നടക്കും. റിയാദ്, ജിദ്ദ, അൽഖോബാർ നഗരങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിലാകും മത്സരം. മത്സരത്തിനായി വേൾഡ് കപ്പിനായി സൗദിയൊരുക്കുന്ന സ്റ്റേഡിയങ്ങളും ഉപയോഗിക്കും.
ഏഷ്യൻ കപ്പിനായി സൗദി അറേബ്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ജനുവരി ഏഴിന് വ്യാഴാഴ്ചയാണ് മത്സരത്തിന്റെ കിക്കോഫ്. ഫൈനൽ മത്സരം ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ചയും. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവിടങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ. റിയാദിലെ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും പ്രധാന മത്സരങ്ങൾ. ഉദ്ഘാടന വേദിയും ഉടൻ പ്രഖ്യാപിച്ചേക്കും. ജിദ്ദയിലെ കിങ് അബ്ദുല്ല ഇന്റർനാഷണൽ സ്റ്റേഡിയം അഥവാ അൽ ജൗഹറ സ്റ്റേഡിയത്തിലും മത്സരങ്ങൾ അരങ്ങേറും.
അൽ ഖോബാറിലെ അരാംകോ സ്റ്റേഡിയത്തിലായിരിക്കും മറ്റു പ്രധാന മത്സരങ്ങൾ. റിയാദിൽ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, അൽ ഷബാബ് ക്ലബ്ബ് സ്റ്റേഡിയം ബോളിവാർഡിലെ കിങ്ഡം അരീന എന്നിവിടങ്ങളിലും മത്സരങ്ങൾ ഉണ്ടാകും. സൗദി അറേബ്യ,ഓസ്‌ട്രേലിയ, ഇറാക്ക്, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ, ഖത്തർ, യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി 18 ടീമുകളാണ് നിലവിൽ ഏഷ്യൻ കപ്പിനായി യോഗ്യത നേടിയിട്ടുള്ളത്. ആകെ 24 ടീമുകളായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുക.