യന്ത്രത്തകരാര്‍; ഇത്തിഹാദ് വിമാനം അടിയന്തരമായി നിലത്തിറക്കി
യാത്രക്കാർ സുരക്ഷിതരാണ്.
ഇത്തിഹാദ് വിമാനം ആസ്ത്രേലിയയിലെ അഡെലെയ്ഡിൽ അടിയന്തര ലാൻഡിങ് നടത്തി. യന്ത്ര തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. യാത്രക്കാർ സുരക്ഷിതരാണ്.
അബൂദബിയിൽനിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് ശനിയാഴ്ച ആസ്ട്രേലിയൻ സമയം പുലർച്ചെ അഞ്ചിന് അടിയന്തര ലാൻഡിങ് നടത്തിയത്.
349 യാത്രക്കാരുമായി പുറപ്പെട്ട ഇ.വൈ 450 വിമാനത്തിന്റെ കോക്പിറ്റിൽ മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനം ലാൻഡ് ചെയ്തയുടൻ യാത്രക്കാരെ എമർജൻസി വാതിലുകളിലൂടെ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു.
വായുസഞ്ചാരത്തിനുള്ള ഫാനിന്റെ സാങ്കേതിക തകരാർ കാരണമാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു. സ്മോക്ക് അലാറം മുഴങ്ങിയിരുന്നതായി ആസ്ട്രേലിയൻ ചാനലായ എ.ബി.സി റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ശനിയാഴ്ച സിഡ്നിയിൽനിന്ന് അബൂദബിയിലേക്കുള്ള ഇ.വൈ 451 വിമാനം റദ്ദാക്കിയിട്ടുണ്ട്.