വനിതാവല്‍ക്കരണം; സൗദിയിലെ സ്ഥാപനങ്ങളിലെ വനിതാ സാന്നിധ്യം കുത്തനെ കൂടി
ഒക്ടോബര്‍ 21നാരംഭിച്ച വനിതാവത്കരണത്തില്‍ ഇതിനകം ലക്ഷത്തിലേറെ വനിതകള്‍ക്ക് ജോലി ലഭിച്ചു.
സൗദിയില്‍ വനിതകള്‍ക്ക് ജോലി നല്‍കി മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 21നാരംഭിച്ച വനിതാവത്കരണത്തില്‍ ഇതിനകം ലക്ഷത്തിലേറെ വനിതകള്‍ക്ക് ജോലി ലഭിച്ചു. ജോലിയിലെ മികവ് കണക്കിലെടുത്ത് വനിതകളെ നിയമിച്ചതോടെ സ്ഥാപനങ്ങളില്‍ വനിതാ സാന്നിധ്യം കുത്തനെ കൂടി.
ചരിത്രം വഴി മാറുകയാണ്. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാവത്കരണം മൂന്നാം ഘട്ടമാരംഭിച്ച് രണ്ട് മാസം പിന്നിട്ടു. നിയമനം ലഭിച്ചത് ലക്ഷത്തിലേറെ വനിതകളെ. പിന്തുണയുമായി വ്യവസായികളുമുണ്ട്. പുരുഷന്മാരേക്കാള്‍ ജോലിയില്‍ സ്ത്രീകളുടെ ആത്മാര്‍ഥത എടുത്തുപറയുന്നു വ്യാപാരികള്‍. വനിതാവത്കരണം പാലിക്കാത്ത രണ്ടായിരത്തോളം കടകള്‍ രണ്ട് മാസത്തിനിടെ പൂട്ടിച്ചു.
വനിതകള്‍ക്ക് നീക്കിവെച്ച ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസെടുത്തു. വിവിധ മന്ത്രാലയങ്ങളുടെ പരിശോധന തുടരുകയാണ്. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും വഴിയടഞ്ഞവരെ വിഷന്‍ 2030ന്റെ ഭാഗമായി മുഖ്യധാരയിലെത്തിക്കുകയാണ് ഭരണകൂടം.