സൗദിയിലെ 60 ശതമാനത്തിലധികമാളുകൾ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ട്
നാഷണൽ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയനാണ് സർവേ നടത്തിയത്
റിയാദ്: സൗദിയിലെ അറുപതു ശതമാനത്തിലധികം ആളുകൾ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകൾ. ആയിരത്തിലധികം ആളുകളെ ഉൾടുത്തിയാണ് സർവേ നടത്തിയത്. നാഷണൽ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയന്റേതാണ് സർവേ ഫലങ്ങൾ. 1202 പേരെ ഉൾപ്പെടുത്തിയായിരുന്നു സർവേ. 57% പുരുഷന്മാർ, 43% സ്ത്രീകളുമാണ് പ്രതികരിച്ചത്.
60 ശതമാനത്തിലധികം ആളുകളാണ് സർവേ ഫലത്തിൽ മെട്രോ ഉപയോഗിക്കുമെന്ന് അറിയിച്ചത്. 31 ശതമാനം പേർ ജോലി അല്ലെങ്കിൽ പഠന യാത്രകൾക്കായി മെട്രോ ഉപയോഗിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി ഉപയോഗിക്കുക 30 ശതമാനം ആളുകളാണ്, 24 ശതമാനം ഷോപ്പിങ്ങിനായാണ് മെട്രോയിൽ യാത്ര ചെയ്യുക. 15 ശതമാനം ആളുകൾ കുടുംബ സന്ദർശനങ്ങൾക്കായും സേവനം ഉപയോഗിക്കും. മെട്രോ ഉപയോഗം വർധിക്കുന്നതിലൂടെ റിയാദിലെ ട്രാഫിക് തിരക്കിനും പരിഹാരമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.
ഇതുകൂടാതെ മെട്രോയുടെ പ്രത്യേകതകൾ, റിയാദ് മെട്രോ ആളുകളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും സർവേ നടത്തിയിരുന്നു. ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഡിസംബർ പതിനഞ്ചിന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും. രണ്ട് മണിക്കൂറിന് നാല് റിയാൽ മാത്രമാണ് യാത്രാ ചെലവ്.