അബൂദബി പൊലീസിന് പുതിയ മുഖം
പൊലീസിന്റെ പുതിയ ലോഗോയും ബാഡ്ജും ഔദ്യോഗികമായി നിലവില്‍ വന്നു
അബൂദബി പൊലീസിന് പുതിയ മുഖം. പൊലീസിന്റെ പുതിയ ലോഗോയും ബാഡ്ജും ഔദ്യോഗികമായി നിലവില്‍ വന്നു. അബൂദബി പൊലീസിന്റെ സംഗീത ബാന്‍ഡും അരങ്ങേറ്റം കുറിച്ചു. അബൂദബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബില്‍ നടന്ന പ്രൗഢമായ ചടങ്ങിലാണ് അബൂദബി പൊലീസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി പുതിയ ലോഗോ അവതരിപ്പിച്ചത്.
എഫ്ബിഐ ഐഡി കാര്‍ഡ് മാതൃകയിലുള്ള പുതിയ ബാഡ്ജും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. ഇന്ന് മുതല്‍ അബൂദബി പൊലീസിന്റെ തിരിച്ചറിയല്‍ രേഖ ഈ ബാഡ്ജായിരിക്കും. അനുകരിക്കാന്‍ സാധ്യമല്ലാത്തതാണ് ഈ ബാഡ്ജ്. ജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കുന്നത് പൊലീസാണെന്ന് ഉറപ്പുവരുത്താന്‍ ഈ തിരിച്ചറിയല്‍ ബാഡ്ജ് ആവശ്യപ്പെടാമെന്നും കമാന്‍ഡര്‍ ഇന്‍ ചീഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെപ്റ്റംബറില്‍ അബൂദബി പൊലീസിന്റെ യൂനിഫോമും നവംബറില്‍ പൊലീസ് വാഹനങ്ങളും രൂപം മാറും. 60 വര്‍ഷം പിന്നിടുന്ന അബൂദബി പൊലീസിന്റെ ചരിത്രവും യുഎഇയുടെ സാംസ്കാരിക പൈതൃകവും വിളിച്ചറിയിക്കുന്നതാണ് പുതിയ ലോഗോ. ദേശീയദിനാഘോഷത്തിനടക്കം പൈതൃകഗാനങ്ങള്‍ അവതരിപ്പിക്കാനാണ് പൊലീസിന്റെ പുതിയ സ്ട്രീങ്സ് ബാന്‍ഡ് രൂപവത്കരിച്ചത്. ബാന്‍ഡിന്റെ കന്നി പ്രകടനവും ഇന്ന് അരങ്ങേറി.