മൊബൈൽ ആപ്പ് ഉപയോഗിച്ച് മിനിബസുകളിൽ സീറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനവുമായി ആർ.ടി.എ
സിറ്റിലിങ്ക് ഷട്ടിൽ, ഡ്രിവൻബസ്, ഫ്‌ലക്‌സ് ഡെയിലി എന്നീ കമ്പനികളുടെ ആപ്പ് വഴിയാണ് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക
ദുബൈ: ദുബൈ നഗരത്തിൽ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മിനിബസ് സർവീസ് ആരംഭിക്കുന്നു. മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാവുന്ന ബസ് പൂളിങ് സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നത്. ഇതിന് മൂന്ന് കമ്പനികൾക്ക് ആർ.ടി.എ അംഗീകാരം നൽകി.
സിറ്റിലിങ്ക് ഷട്ടിൽ, ഡ്രിവൻബസ്, ഫ്‌ലക്‌സ് ഡെയിലി എന്നീ കമ്പനികളുടെ ആപ്പ് വഴിയാണ് മിനിബസുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. മറ്റ് പൊതുബസ് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി ഈ ബസുകൾക്ക് നിശ്ചിതറൂട്ടുകളുണ്ടാവില്ല. ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ, യാത്രക്കാർ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചായിരിക്കും ഈ ബസിലെ നിരക്ക്.
തുടക്കത്തിൽ ദേരയിൽ നിന്ന് ബിസിനസ് ബേ, ദുബൈ മാൾ, മിർദിഫ്, ദുബൈ ഫെസ്റ്റിവെൽ സിറ്റി തുടങ്ങിയ സെൻട്രൽ ഡിസ്ട്രിക്ടിക് മേഖലയിലേക്കാണ് ഈ ഇത്തരം യാത്രക്കാരെ എത്തിക്കുക. പതിമൂന്ന് മുതൽ 30 വരെ യാത്രക്കാർക്ക് കയറാവുന്ന മിനിബസുകളാണ് ആർ.ടി.എ ഈ സർവീസിനായി രംഗത്തിറക്കുന്നത്. ആദ്യഘട്ടത്തിൽ 20 മിനിബസുകൾ ഇതിനായി നിരത്തിലിറക്കും. ഒരു യാത്രക്ക് മാത്രമല്ല, സ്ഥിരം യാത്രക്ക് ആഴ്ച അടിസ്ഥാനത്തിലും, മാസാടിസ്ഥാനത്തിലും ഈ ബസുകൾ ആപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. ആർ.ടി.എ നേരത്തേ ബസ് ഓൺ ഡിമാൻഡ് എന്ന പേരിൽ ചില റൂട്ടുകളിൽ മിനിബസ് സർവീസ് നടത്തുന്നുണ്ട്.