സമുചിതമായി ദേശീയദിനം ആഘോഷിച്ച് ഖത്തർ
പരേഡും വെടിക്കെട്ടുമില്ലാതെയാണ് ഇത്തവണത്തെ ദേശീയദിനം ആഘോഷിച്ചത്
ദോഹ: സമുചിതമായി ദേശീയദിനം ആഘോഷിച്ച് ഖത്തർ. പരേഡും വെടിക്കെട്ടുമില്ലാതെയായിരുന്നു ഇത്തവണത്തെ ആഘോഷം. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പൊതുജനങ്ങൾക്ക് ദേശീയദിനാശംസകൾ നേർന്നു. ഖത്തറിലെ സ്വദേശികളെയും പ്രവാസികളെയും അഭിനന്ദിച്ചുകൊണ്ടാണ് അമീർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ദേശീയ ദിനാശംസകൾ നേർന്നത്.
രാജ്യത്തിന്റെ ഐക്യവും പ്രതാപവും വരും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി വൈവിധ്യമാർന്ന സംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. സ്ഥിരം ആഘോഷവേദിയായ ദർബ് അൽ സാഇ തന്നെയാണ് ആഘോഷ പരിപാടികളുടെ പ്രധാന കേന്ദ്രം. ഇതിന് പുറമെ മിശൈരിബ്, കതാറ, പേൾ ഖത്തർ, ഓൾഡ് ദോഹ പോർട്ട് തുടങ്ങിയിടങ്ങളിലെല്ലാം ആഘോഷ പരിപാടികൾ നടന്നു. കെട്ടിടങ്ങളിൽ ദേശീയ പതാകകളും തോരണങ്ങളും തൂക്കിയും വാഹനങ്ങൾ അലങ്കരിച്ചും പൊതുജനങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷം തുടങ്ങിയിരുന്നു.