സൌദി കോടീശ്വരന്റെ 900 വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു
വന്‍ ബാധ്യത വന്നതിനാല്‍ കസ്റ്റഡിയിലായിരുന്നു ഉടമ
കോടിക്കണക്കിന് റിയാലിന്റെ കടത്തില്‍ മുങ്ങിയ സൌദി കോടീശ്വരന്റെ വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു. തൊള്ളായിരം വാഹനങ്ങളാണ് കോടതി നിര്‍ദ്ദേശപ്രകാരം ലേലം ചെയ്തത്. വന്‍ ബാധ്യത വന്നതിനാല്‍ കസ്റ്റഡിയിലായിരുന്നു ഉടമ.
2007ലെ ഫോബ്സ് മാഗസിന്‍ പ്രകാരം ലോകത്തെ ധനികരായ ആദ്യ നൂറുപേരിലുണ്ടായിരുന്നു സൌദിയിലെ സആദ് ഗ്രൂപ്പ് ഉടമ. 2009ലെ സാമ്പത്തിക പ്രതിസന്ധിയോടെ സആദ് കമ്പനി പ്രതിസന്ധിയിലായി. ആകെ വന്ന കടം 17000 കോടി റിയാല്‍. കടം തീര്‍ക്കാനുള്ളവരില്‍ തൊഴിലാളികള്‍ മുതല്‍ ബാങ്കുകള്‍ വരെയുണ്ട്. 900 വാഹനങ്ങളാണ് സൌദിയിലെ ദഹ്റാനില്‍ ആദ്യ ദിനം ലേലത്തില്‍ പോയത്.ലോറിയും ബസ്സും നിര്‍മാണ വാഹനങ്ങളും ഇതിലുണ്ട്. ഇതുവഴി കടത്തിന്റെ കാല്‍ ഭാഗം തീരും. നിലവില്‍ ആയിരം കോടിയുടെ സമ്പാദ്യമുള്ള സആദ് കമ്പനിയുടമ നേരത്തെ കസ്റ്റഡിയിലായിരുന്നു. ബാക്കിയുള്ള കടം തീര്‍ക്കാന്‍ സ്ഥാപനങ്ങളും ലേലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.