അനധികൃത താമസക്കാർക്ക് പൊതുമാപ്പില്ലെന്നു ആവർത്തിച്ച് കുവൈത്ത്
താമസരേഖകൾ ഇല്ലാത്തവർ സ്വമേധയാ മുന്നോട്ടു വന്നാൽ പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനോ രാജ്യം വിടുന്നതിനോ അനുവദിക്കും
അനധികൃത താമസക്കാർക്ക് പൊതുമാപ്പില്ലെന്നു ആവർത്തിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം . താമസരേഖകൾ ഇല്ലാത്തവർ സ്വമേധയാ മുന്നോട്ടു വന്നാൽ പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനോ രാജ്യം വിടുന്നതിനോ അനുവദിക്കും. പരിശോധനകളിൽ പിടിക്കപ്പെട്ടാൽ പിന്നീട് തിരിച്ചു വരാൻ കഴിയാത്ത വിധം നാടുകടത്തുമെന്നും മുന്നറിയിപ്പ്.
ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ താമസ കാര്യ വകുപ്പ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മഅറഫി ആണ് അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികൾക്ക് പൊതു മാപ്പ് അനുവദിക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് വ്യക്തമാക്കിയത്. ഇഖാമയില്ലാത്തവര്‍ക്ക് പിഴയടച്ചു രേഖകൾ ശരിയാക്കുന്നതിനും നാട്ടിലേക്ക് പോയശേഷം പുതിയ വിസയിൽ തിരിച്ചു വരുന്നതിനും തടസ്സങ്ങളില്ല. താമസകാര്യ വകുപ്പിന്റെ വാതിലുകൾ ഇത്തരക്കാർക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ് .സ്വമേധയാ മുന്നോട്ടുവരുന്നവർക്ക് ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നു എല്ലാവിധ സഹായങ്ങളുമുണ്ടാകും . നിയമ നടപടികളോ പോലീസ് കേസോ സംബന്ധിച്ച ഭീതിയുടെ ആവശ്യമില്ല . അതെ സമയം നിശ്ചിത സമയത്തിനകം ഇളവ് പ്രയോജനപ്പെടുത്താത്തവർക്കെതിരെ കർശന നടപടിയുണ്ടാകും . താമസ രേഖകൾ ഇല്ലാതെ കഴിയുന്ന വിദേശികളെ മുഴുവനായി പുറന്തള്ളുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി ഇതിനായി പരിശോധനകൾ ശക്തമാക്കും . പിടിക്കപ്പെടുന്നവരെ പിന്നീടൊരിക്കലും തിരിച്ചു വരാൻ കഴിയാത്തവിധം നാടുകടത്തുമെന്നും താമസകാര്യവകുപ്പ് ഡയറക്റ്റർ കൂട്ടിച്ചേർത്തു .