സംഭാവന ശേഖരിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണം: ഒമാൻ സാമൂഹിക വികസന മന്ത്രാലയം

നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

Update: 2024-11-04 11:20 GMT
Advertising

മസ്‌കത്ത്: സുതാര്യതയും മേൽനോട്ടവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ സ്ഥാപനങ്ങൾ പൊതു സംഭാവനകൾ ശേഖരിക്കുന്നതിന് ഒമാൻ സാമൂഹിക വികസന മന്ത്രാലയം (MoSD) പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. സാമൂഹിക വികസന മന്ത്രി ഡോ ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം (നമ്പർ 336/2024) പ്രകാരം ഏതെങ്കിലും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്താൻ സ്വകാര്യ സ്ഥാപനങ്ങൾ സാമൂഹിക വികസന മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടിയിരിക്കണം. എന്നാൽ ഗവൺമെൻറ് കമ്മിറ്റികൾ, സ്ഥാപനങ്ങൾ, ഫണ്ടുകൾ എന്നിവക്ക് ഈ നിബന്ധനയില്ല. ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച തീരുമാനം നവംബർ നാല് മുതൽ പ്രാബല്യത്തിൽ വരും.

സംഘടനയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമേ ലൈസൻസുകൾ നൽകൂ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വകാര്യ ധനസമാഹരണം കർശനമായി നിരോധിച്ചിരിക്കുകയാണ്. അനുമതിയുള്ള എല്ലാ ധനസമാഹരണ പ്രവർത്തനങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമം പാലിക്കുന്നത് ഉറപ്പാക്കാൻ അംഗീകൃത ഓർഗനൈസേഷനുകളുമായി ഏകോപനം നടത്തുകയും ചെയ്യും. ലൈസൻസുള്ള ഒരു ഓർഗനൈസേഷൻ പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടില്ലെങ്കിൽ ഒരു വ്യക്തിക്കും സ്വതന്ത്രമായി ധനസമാഹരണത്തിലോ പ്രൊമോഷണൽ പ്രവർത്തനത്തിലോ ഏർപ്പെടാൻ അനുവദമുണ്ടാകില്ല. അതേസമയം, ധനസമാഹരണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് മുൻകൂട്ടി അംഗീകരിച്ച വിവരം കൈമാറാൻ വ്യക്തികളെ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയും.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, എസ്എംഎസ്, ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ സ്ഥാപനങ്ങൾക്ക് ഫണ്ട് ശേഖരിക്കാം. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ പൊതു ലേലം വഴിയും പണം സ്വീകരിക്കാം. ധനസമാഹരണത്തിന് യോഗ്യമായ ഇവന്റുകളിൽ ചാരിറ്റി മാർക്കറ്റുകൾ, എക്‌സിബിഷനുകൾ, സാംസ്‌കാരിക, കായിക ഇവന്റുകൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവ ഉൾപ്പെടുന്നു.

ഫണ്ട് റൈസിംഗ് കാലയളവിന്റെ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ശേഖരിച്ച ഫണ്ട് അംഗീകൃത ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഈ നടപടിക്രമങ്ങൾ പാലിക്കാതിരുന്നാൽ മുന്നറിയിപ്പ്, പിഴ എന്നിവ മുതൽ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുകയോ അസാധുവാക്കുകയോ ചെയ്യുന്നത് വരെയുള്ള ഭരണപരമായ നടപടികളിലേക്ക് നയിച്ചേക്കാം. നിയമലംഘനം പരിഹരിക്കാൻ ഏഴ് ദിവസത്തെ കാലയളവുള്ള മുന്നറിയിപ്പായിരിക്കും പ്രാരംഭ നടപടി. ആവർത്തിച്ചുള്ള ലംഘനങ്ങൾ 10 റിയാലിനും 500 റിയാലിനും ഇടയിലുള്ള പിഴയോ ലൈസൻസ് സസ്‌പെൻഷനോ കാരണമായേക്കാം. തുടർച്ചയായ ലംഘനങ്ങൾ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ, നിയമം ലംഘിച്ച് ശേഖരിക്കുന്ന ഫണ്ടുകൾ കണ്ടുകെട്ടുകയും ശേഖരണത്തിന്റെ വിഹിതം സംബന്ധിച്ച് മന്ത്രാലയം തീരുമാനിക്കുകയും ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News