ഗാനരചയിതാക്കളെയും സംവിധായകരെയും അവഗണിക്കരുത്: വി.ടി മുരളി
സലാലയിലെ വിവിധ സംഘടന ഭാരവാഹികൾ വി.ടി മുരളിയെ ആദരിച്ചു
സലാല: സിനിമ നാടക ഗാനരചയിതാക്കൾക്കും സംവിധായകർക്കും സമൂഹം അർഹമായ പരിഗണന നൽകണമെന്ന് ഗായകനും എഴുത്തുകാരനുമായ വി.ടി മുരളി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആസ്വാദനത്തിനായി ജീവിതത്തെ സമർപ്പിച്ച കലാകാരന്മാരോട് സമൂഹം നന്ദികേട് കാണിക്കരുതെന്നും ജീവിതം കഴിച്ചുകൂട്ടാൻ പ്രയാസപ്പെടുന്ന കലാകാരൻമാരെ വേണ്ടവിധം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച സ്വീകരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്ടുകൾ പാടിയും അവയുടെ ചരിത്രം പറഞ്ഞും പിന്നണിയിലെ കലാ-സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയും രണ്ടുമണിക്കൂറിലേറെ അദ്ദേഹം സദസ്യരുമായി സംവദിച്ചു. സലാലയിലെ വിവിധ സംഘടന ഭാരവാഹികൾ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും വി.ടി മുരളിയെ ആദരിച്ചു. മലയാളം വിഭാഗം കൺവീനർ കെ.പി. കരുണൻ, കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.