ആരോഗ്യ ഇന്‍ഷുറന്‍സ് ഉറത്തുവരുത്താന്‍ മിന്നല്‍ പരിശോധന
തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തുക
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറത്തുവരുത്താന്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് സൌദി ആരോഗ്യ ഇന്‍ഷ്യൂറന്‍സ് കൗണ്‍സില്‍ വക്താവ് യാസിര്‍ ബിന്‍ അലി പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തുക. ഏകീകൃത ഇന്‍ഷൂറന്‍സ് പദ്ധതിയെ കുറിച്ച് കാമ്പയിന്‍ നടത്തുമെന്നും കൊണ്‍സില്‍ വക്താവ് പറഞ്ഞു.
തൊഴിലാളികള്‍ക്കും അവരുടെ കീഴിലുള്ള കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായും തൊഴിലുടമ ഏര്‍പ്പെടുത്തണമെന്നാണ് കൗണ്‍സിലിന്റെ വ്യവസ്ഥ. ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ മുഴുവന്‍ ഗഡുകളും പിഴയും അടക്കേണ്ടിവരും. താത്കാലികമായോ സ്ഥിരമായോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് ഇത്തരക്കാരെ തടയുകയും ചെയ്യും. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കൗണ്‍സില്‍ നടത്തുന്നത്. ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഇഷ്യൂചെയ്യുന്ന സംവിധാനങ്ങള്‍ വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഓണ്‍ലൈന്‍ വഴി ഇന്‍ഷൂറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.തൊഴിലാളിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. ആണ്‍കുട്ടികള്‍ക്ക് 25 വയസ്സുവരെയും പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കുന്നതുവരെയും തൊഴിലുടമ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം. തൊഴിലാളികള്‍, തൊഴിലുടമകള്‍, ആരോഗ്യ സ്ഥാപങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവരെ ലക്ഷ്യമിട്ട് സൌദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ കാമ്പയിന്‍ നടത്തുമെന്നും യാസിര്‍ ബിന്‍ അലി പറഞ്ഞു.
സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്കും അവരുടെ സൗദിയിലുള്ള ആശ്രിതര്‍ക്കും ഒരേ കമ്പനിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്ന ഏകീകൃത ഇന്‍ഷുറന്‍സ് നിയമം കഴിഞ്ഞ വാരം നടപ്പിലാക്കിയിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയുടെ വികസനം. ഏകീകൃത ആരോഗ്യ ഇന്‍ഷ്യൂറന്‍സ് വ്യവസ്ഥകളെ സംബന്ധിച്ച അവബോധം വളര്‍ത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.